അയോധ്യ: സംഭാവന തട്ടിപ്പ് വിവാദങ്ങൾക്കൊടുവിൽ അയോധ്യ രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാൻ തീരുമാനം. ക്ഷേത്രത്തിന്റെ ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അടിയന്തര യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. സിഇഒയെ തിരഞ്ഞെടുക്കുന്നതിനായി റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്ലി അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. റിട്ട. ലഫ്. ജനറൽ വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹൗഡേ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.(Ayodhya Ram Temple Trust To Appoint CEO After Donation Scam Controversy)
സമിതി അഭിമുഖം നടത്തിയ ശേഷം യോഗ്യരായ മൂന്ന് പേരുടെ പട്ടിക ട്രസ്റ്റിന് കൈമാറുമെന്ന് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭാവന തട്ടിപ്പ് വിവാദത്തിന് പിന്നാലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ നൽകിയ രാജി യോഗം അംഗീകരിച്ചു. പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കും വരെ ട്രസ്റ്റി കൃഷ്ണ മോഹനായിരിക്കും ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല.
വിവാദമായ സംഭാവന തട്ടിപ്പിൽ ചമ്പത് റായിക്ക് നേരിട്ട് പങ്കില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. എങ്കിലും ഈ സംഭവം വലിയ വേദനയും നാണക്കേടും ഉണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തട്ടിപ്പിൽ ഉൾപ്പെട്ട കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് ഇടക്കാല ജനറൽ സെക്രട്ടറി കൃഷ്ണ മോഹൻ വ്യക്തമാക്കി. സംഭാവന വിവാദം ട്രസ്റ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ജനങ്ങളുടെ വിശ്വാസം എത്രയും വേഗം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Following a major donation scam controversy, the Ram Janmabhoomi Teerth Kshetra Trust has decided to appoint a CEO to oversee the daily operations of the Ayodhya Ram Temple. A three-member committee led by Retired Justice Pramod Kohli has been formed to select the CEO, while General Secretary Champat Rai and Trustee Anil Mishra have resigned from their posts.

