ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ തമിഴ്‌നാട്ടിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഇതിനുപിന്നാലെ, അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിൽ ചേരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.(Dramatic moves in Tamil Nadu politics, O Panneerselvam meets MK Stalin)
നിയമസഭാ മന്ദിരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒ.പി.എസിന്റെ മകൻ പി. രവീന്ദ്രനാഥ് കുമാറും പങ്കെടുത്തു. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിൽ നിന്ന് ഒ.പി.എസ് നേരത്തെ പുറത്തുപോയിരുന്നു. ഡി.എം.കെ സഖ്യത്തിലേക്ക് ഒ.പി.എസിനെ എത്തിക്കാനുള്ള നീക്കമായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
ഒ.പി.എസ് പക്ഷത്തുള്ള എ.ഐ.എ.ഡി.എം.കെ എം.എൽ.എ പി. അയ്യപ്പൻ നിയമസഭയിൽ സ്റ്റാലിനെ പുകഴ്ത്തിയത് ശ്രദ്ധേയമായി. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുഗ്രഹം സ്റ്റാലിനൊപ്പമുണ്ടെന്നും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്നുമാണ് അയ്യപ്പൻ പറഞ്ഞത്.

