ന്യൂഡൽഹി: ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സോളാർ സെല്ലുകൾക്കും പാനലുകൾക്കും അമേരിക്കൻ വാണിജ്യ വകുപ്പ് പ്രാഥമിക ആന്റി ഡംപിംഗ് ഡ്യൂട്ടി പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സോളാർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.(US sets preliminary antidumping duties on solar imports from India, Indonesia and Laos)
വാണിജ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഓരോ രാജ്യത്തിനും വ്യത്യസ്ത നികുതി നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ: 123.04%, ഇന്തോനേഷ്യ: 35.17%, ലാവോസ്: 22.46% എന്നിങ്ങനെയാണിത്. അമേരിക്കൻ വിപണിയിൽ ഈ രാജ്യങ്ങൾ അന്യായമായി വില കുറച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നു എന്ന ആഭ്യന്തര നിർമ്മാതാക്കളുടെ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം അമേരിക്ക ഇറക്കുമതി ചെയ്ത സോളാർ ഉൽപ്പന്നങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഈ മൂന്ന് രാജ്യങ്ങളിൽ നിന്നായിരുന്നു.
അമേരിക്കയിലെ സോളാർ നിർമ്മാതാക്കളുടെ കൂട്ടായ്മയായ ‘അലയൻസ് ഫോർ അമേരിക്കൻ സോളാർ മാനുഫാക്ചറിംഗ് ആൻഡ് ട്രേഡ്’ നൽകിയ ഹർജിയിലാണ് ഈ തീരുമാനം. ഫസ്റ്റ് സോളാർ, ക്യുസെൽസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ കൂട്ടായ്മയിലുണ്ട്. വിദേശ രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നത് അമേരിക്കൻ കമ്പനികളുടെ നിലനിൽപ്പിനെ ബാധിക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ തകർക്കുന്നുവെന്നും ഇവർ വാദിച്ചു.
ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സോളാർ ഇറക്കുമതിയുടെ കാര്യത്തിൽ ജൂലൈ 13-ഓടെയും ലാവോസിന്റെ കാര്യത്തിൽ സെപ്റ്റംബർ 9-ഓടെയും അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ രാജ്യങ്ങൾക്കെതിരെ സബ്‌സിഡി വിരുദ്ധ നികുതിയും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ വിപണിയെ ലക്ഷ്യം വെക്കുന്ന ഇന്ത്യൻ സോളാർ കയറ്റുമതി മേഖലയ്ക്ക് ഈ പുതിയ നീക്കം വലിയ തിരിച്ചടിയാകും.

