ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ദുരന്തം നടന്ന് ഒരു ആഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Flash Flood in China Death Toll Rises to 25 in Northwest China Tourist Spot)
വിനോദസഞ്ചാരികളും ക്യാമ്പറുകളും ധാരാളമായി എത്തുന്ന ഷുവാങ്ഷിമൻ വിനോദസഞ്ചാര മേഖലയിലാണ് ജൂലൈ 26-ന് പ്രളയം നാശം വിതച്ചത്. തുടക്കത്തിൽ 10 മരണവും 23 പേർക്ക് പരിക്കേറ്റതായും മാത്രമായിരുന്നു ഔദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ രക്ഷാപ്രവർത്തനം പുരോഗമിച്ചതോടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തെക്കുറിച്ച് ചൈനയുടെ ദേശീയ ദുരന്ത നിവാരണ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മലനിരകളും പ്രകൃതിദത്ത കൽത്തൂണുകളും അരുവികളും കൊണ്ട് സമ്പന്നമായ തെക്കൻ ഗാൻസുവിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഷുവാങ്ഷിമൻ. താഴ്‌വരയിൽ നിർത്തിയിട്ടിരുന്ന കാറുകളും ടെന്റുകളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അടുത്തിടെയായി കനത്ത പ്രകൃതിദുരന്തങ്ങളാണ് ചൈനയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂലൈയിൽ ഹുബെയ് പ്രവിശ്യയിലുണ്ടായ കൊടുങ്കാറ്റിലും മഴയിലും 11 പേർ മരിച്ചിരുന്നു. തടാകങ്ങളും അണക്കെട്ടുകളും കവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗ്വാങ്‌സി മേഖലയിൽ നിന്ന് 1,30,000-ത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്. കൂടാതെ ഗാൻസുവിലെ തന്നെ ദാങ്ചാങ് കൗണ്ടിയിലുണ്ടായ ഉരുൾപൊട്ടലിൽ 21 പേരും ജീവൻ വെടിഞ്ഞിരുന്നു.
Story Summary
The death toll from a devastating flash flood at the Shuangshimen Scenic Area in Gansu, China, has risen to 25, with 23 others injured. The disaster struck a popular camping spot following extreme summer weather across the country. China’s national disaster prevention commission has launched an investigation into the tragedy.


