ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ മൂന്ന് ദിവസങ്ങൾക്ക് മുൻപ് സ്വന്തം ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രംഗറെഡ്ഡി ജില്ലയിലെ കോത്തൂർ മണ്ഡലിലെ പെഞ്ചർല ഗ്രാമാതിർത്തിയിലാണ് പി. രാജ്കുമാറിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.(Rangareddy mass murder case, POCSO Accused Rajkumar Who Killed Six People Found Dead)
കഴിഞ്ഞ ജൂലൈ 10-നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. തനിക്കെതിരെ പോക്സോ കേസ് നൽകിയ അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, കുട്ടിയുടെ അമ്മ, അമ്മൂമ്മ എന്നിവരെയും പിന്നീട് സ്വന്തം ഭാര്യയെയും നാലും ഒന്നരയും വയസുള്ള രണ്ട് ആൺമക്കളെയും രാജ്കുമാർ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് 12 പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് പോലീസ് വൻ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹത്തിന് സമീപത്തു നിന്നും കളനാശിനി കുപ്പിയും പ്രതിയുടെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഫോൺ പരിശോധിച്ച ഫ്യൂച്ചർ സിറ്റി പോലീസ് കമ്മീഷണർ തരുൺ ജോഷി പ്രതിയുടെ നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തതായി അറിയിച്ചു. കൊലപാതകങ്ങൾ നടത്തുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുടുംബം തന്നിൽ നിന്നും വൻ തുക വാങ്ങി വഞ്ചിച്ചെന്നും തനിക്കെതിരെ കള്ളക്കേസ് നൽകി ജയിലിലടക്കാൻ ശ്രമിച്ചെന്നും രാജ്കുമാർ ആരോപിക്കുന്നുണ്ട്. കടക്കെണി കാരണം ജീവിക്കാൻ താല്പര്യമില്ലെന്നും താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഓൺലൈൻ വാതുവെപ്പിനും ചൂതാട്ടത്തിനും അടിമയായിരുന്ന പ്രതിക്ക് 2 കോടിയിലധികം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കടം വീട്ടാനായി മുൻപ് സ്വന്തം വസ്തുവകകൾ വിറ്റിരുന്ന ഇയാൾ കഴിഞ്ഞ ഒക്ടോബറിലും ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊലപാതകങ്ങൾക്ക് ശേഷം സ്വന്തം പിതാവിനെ വിളിച്ച് താൻ എല്ലാവരെയും കൊന്നെന്നും ഇനി ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞാണ് പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Story Summary
P. Rajkumar, a POCSO accused who went on the run after brutally murdering six people—including his wife, two toddlers, and a minor girl’s family—was found dead in Rangareddy district. Police recovered his body alongside a herbicide bottle and a video confession detailing his financial distress from online betting and revenge motives.


