മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് 19.33 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുൻനിര ഇലക്ട്രോണിക്സ് കമ്പനിയായ നോക്കിയയുടെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കേസെടുത്തു. കമ്പനിയിലെ പേറോൾ ക്ലസ്റ്റർ ലീഡ് വൈഭവ് വർമ്മ, പേറോൾ മാനേജ്‌മെന്റ് മേധാവി കാമരാജു മുത്യാല എന്നിവർക്കെതിരെയാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Nokia EPFO fraud, CBI registers case against Nokia officials for 19 crore EPFO fraud)
2023-24 സാമ്പത്തിക വർഷത്തിൽ കമ്പനിയിൽ ജോലി ചെയ്യാത്ത ആളുകളുടെ പേരിൽ 94 വ്യാജ പി.എഫ് അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് പ്രതികൾ തുക വകമാറ്റിയത്. ഗൂഢാലോചനയിൽ പങ്കാളികളായ ചില പൊതുപ്രവർത്തകർക്കും സ്വകാര്യ വ്യക്തികൾക്കുമെതിരെയും കേസ് ചുമത്തിയിട്ടുണ്ട്.
സ്വന്തമായി പി.എഫ് ട്രസ്റ്റ് നടത്തിയിരുന്ന ‘എക്സംപ്റ്റഡ്’ പദവിയിലായിരുന്നു നോക്കിയ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2023 ജൂലൈയിൽ ഈ പദവി ഉപേക്ഷിച്ച്, അംഗങ്ങളുടെ മുഴുവൻ പി.എഫ് നിക്ഷേപവും ഇ.പി.എഫ്.ഒയിലേക്ക് കമ്പനി കൈമാറുകയും 2023 സെപ്റ്റംബർ മുതൽ സാധാരണ ഇ.പി.എഫ്.ഒ സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. തുടർന്ന് നടത്തിയ ലയിപ്പിക്കൽ പ്രക്രിയകളിലാണ് വൻ ക്രമക്കേട് നടന്നതായി ഇ.പി.എഫ്.ഒയുടെ വിജിലൻസ് വിഭാഗം കണ്ടെത്തിയത്. തുടർന്ന് നോക്കിയ കമ്പനി നടത്തിയ ആഭ്യന്തര ഫോറൻസിക് പരിശോധനയിൽ പ്രതികളുടെ ലാപ്‌ടോപ്പുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫയലുകളും, വ്യാജ ജീവനക്കാരുടെ കെ.വൈ.സി വിവരങ്ങളും കണ്ടെടുത്തു. ഇതേത്തുടർന്ന് ഇരുദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുകയും വിജിലൻസിന് പരാതി നൽകുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം, ഐ.ടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Story Summary
The Central Bureau of Investigation (CBI) has registered a case against two senior Nokia officials in Mumbai for allegedly creating 94 fictitious provident fund accounts and siphoning off ₹19.33 crore from the EPFO. The fraud was uncovered during an internal forensic audit after Nokia surrendered its exempted status and transferred its PF trust accumulations to the EPFO.


