ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ആവേശം കൂട്ടാൻ ലോകപ്രശസ്ത സംഗീത പ്രതിഭകളായ മഡോണയും ഷാക്കിറയും ബിടിഎസും എത്തുന്നു (2026 World Cup Final Halftime Show). ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനിടെയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ ഒരു ഹാഫ് ടൈം ഷോ അരങ്ങേറുന്നത്. ഗ്ലോബൽ സിറ്റിസൺ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
11 മിനിറ്റ് നീളുന്ന ഈ സംഗീത വിരുന്നിൽ കൊളംബിയൻ താരം ഷാക്കിറ തന്റെ പുതിയ ലോകകപ്പ് ഗാനമായ ‘ദായ് ദായ്’ആലപിക്കും. സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തിയ ദക്ഷിണ കൊറിയൻ ബാന്റായ ബിടിഎസിന്റെ സാന്നിധ്യമാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നത്. പോപ്പ് റാണി മഡോണ തന്റെ പുതിയ ആൽബമായ ‘കൺഫെഷൻസ് II’-ലെ ഗാനങ്ങളുമായാണ് എത്തുന്നത്. കോൾഡ് പ്ലേ താരം ക്രിസ് മാർട്ടിനും ഗ്ലോബൽ സിറ്റിസണും ചേർന്നാണ് ഈ ഷോ ക്യൂറേറ്റ് ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും കായിക വികസനത്തിനുമായി 100 മില്യൺ ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്. ലോകകപ്പ് ടിക്കറ്റ് വിൽപനയിൽ നിന്നുള്ള ഒരു നിശ്ചിത തുക ഈ നിധിയിലേക്ക് നൽകും. നേരത്തെ പ്രഖ്യാപിച്ചത് പോലെ, ജൂൺ 12-ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കാറ്റി പെറി, ലിസ, ഫ്യൂച്ചർ തുടങ്ങിയവർ പ്രകടനം നടത്തും.
Summary: For the first time in history, the FIFA World Cup final will feature a halftime show on July 19, 2026, at MetLife Stadium. Superstars Madonna, Shakira, and BTS are set to headline the 11-minute performance curated by Global Citizen and Chris Martin. The show aims to raise funds for global education and football access for children.

