ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വേദപഠനത്തിനായി ഗുരുകുലത്തിൽ ചേർത്ത 11 വയസ്സുകാരൻ ഏഴു ദിവസത്തിനുള്ളിൽ മരിച്ച നിലയിൽ. ലഖ്‌നൗവിലെ രാമാനുജ ഭാഗവത് വേദ വിദ്യ പീഠ് ഗുരുകുലത്തിൽ ഏപ്രിൽ 15-ന് ചേർന്ന ദിവ്യാൻഷ് എന്ന കുട്ടിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത് (Lucknow Gurukul Boy Death Case). കുട്ടിയുടെ ശരീരത്തിൽ വടികൊണ്ടുള്ള അടിയേറ്റതും ക്രൂരമായി മർദ്ദിച്ചതുമായ 40-ലധികം ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതായി കുടുംബം ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി സഹോദരിയുമായി ഫോണിൽ സംസാരിച്ച ദിവ്യാൻഷ് അടുത്ത ദിവസം രാവിലെ മരിച്ചതായാണ് ഗുരുകുലത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. കുട്ടി പടികളിൽ നിന്ന് വീണതാണെന്നാണ് ഗുരുകുലം നടത്തിപ്പുകാരൻ കനയ്യ ലാൽ മിശ്ര കുടുംബത്തെ അറിയിച്ചത്. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കാറിൽ മൃതദേഹം കാൺപൂരിലെ വീട്ടിലെത്തിച്ച് ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞതായും പരാതിയിലുണ്ട്. കുട്ടിയുടെ കൈകാലുകൾ കയറുകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു.
കുട്ടിയുടെ പിതാവ് നരേന്ദ്ര കുമാർ ദ്വിവേദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കനയ്യ ലാൽ മിശ്രയ്ക്കും ഡ്രൈവർക്കുമെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഞ്ജലി വിശ്വകർമ്മ അറിയിച്ചു. മരണകാരണം കൃത്യമായി അറിയാൻ ഡോക്ടർമാരുടെ പാനൽ പോസ്റ്റ്‌മോർട്ടം നടത്തി വീഡിയോയിൽ പകർത്തും. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
Summary: An 11-year-old boy, Divyansh, was found dead just seven days after joining a Vedic gurukul in Lucknow. His family alleged that his body bore over 40 severe injury marks, suggesting brutal torture with sticks and ropes. Police have filed an FIR against the gurukul operator, who reportedly fled after abandoning the body outside the child’s home in Kanpur.

