കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയോട് ഏറ്റ കടുത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹവും വിമതനീക്കങ്ങളും രൂക്ഷമാകുന്നു (TMC Crisis Rebel Movement). മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്ത കാളിഘട്ടിലെ വസതിയിൽ വെള്ളിയാഴ്ച നടന്ന നിർണ്ണായക യോഗത്തിൽ ആകെയുള്ള 28 ലോക്‌സഭാ എംപിമാരിൽ 4 പേരും, 13 രാജ്യസഭാ എംപിമാരിൽ രണ്ട് പേരും മാത്രമാണ് നേരിട്ടെത്തിയത്. യോഗത്തിൽ ആകെ എട്ട് എംഎൽഎമാരുടെ സാന്നിധ്യം മാത്രമാണുണ്ടായിരുന്നത്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി, രാജ്യസഭാംഗങ്ങളായ ഡെറക് ഒബ്രിയൻ, ഡോള സെൻ എന്നിവരും ഫിർഹാദ് ഹക്കീം, കുനാൽ ഘോഷ് തുടങ്ങിയ എംഎൽഎമാരും മാത്രമാണ് യോഗത്തിൽ പങ്കെടുത്ത പ്രമുഖർ. എന്നാൽ, ഇത് മുഴുവൻ എംപിമാരുടെയും എംഎൽഎമാരുടെയും യോഗമല്ലെന്നും നാഷണൽ വർക്കിംഗ് കമ്മിറ്റി യോഗം മാത്രമാണെന്നും മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നേതാക്കൾ വിർച്വലായി പങ്കെടുത്തുവെന്നും പാർട്ടി നേതൃത്വം പിന്നീട് വിശദീകരിച്ചു.
അതേസമയം പാർട്ടിക്കുള്ളിലെ വിമത വിഭാഗം മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ നീക്കങ്ങൾ ശക്തമാക്കുകയാണ്. നിയമസഭയിൽ പ്രതിപക്ഷ നേതാവായി മാറിയ വിമത എംഎൽഎ റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലധികം എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നും വരും ദിവസങ്ങളിൽ ഈ എണ്ണം ഇനിയും വർദ്ധിക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടതോടെയാണ് പാർട്ടിയിൽ അവർക്കെതിരെ പരസ്യമായ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനകം തന്നെ വിമതരായ രണ്ട് എംഎൽഎമാരെ മമത പുറത്താക്കിയിട്ടുണ്ട്. എന്നാൽ അതൃപ്തരായ ഇരുപതോളം തൃണമൂൽ എംപിമാർ നിലവിൽ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തുകയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ.
Summary: Amid a growing rebellion following its defeat to the BJP, the Trinamool Congress faced fresh optics of a crisis as only eight MLAs and six MPs attended a meeting at Mamata Banerjee’s Kalighat residence on Friday. With 11 of 13 Rajya Sabha MPs and 24 of 28 Lok Sabha MPs skipping the physical huddle, the party clarified that it was a National Working Committee meeting and not a general body meet, noting that leaders like Mahua Moitra joined virtually.

