ബീജിങ്: സോഷ്യൽ മീഡിയയിൽ 15 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രശസ്ത സെലിബ്രിറ്റി വളർത്തുനായയെ ചൈനയിൽ മോഷ്ടാവ് പിടികൂടി ഇറച്ചിക്ക് വിറ്റു (Celebrity Dog Chutou Stolen Slaughtered). ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള യാത്രാ ഇൻഫ്ലുവൻസറായ ഗുഓയുടെ ഉടമസ്ഥതയിലുള്ള ‘ചുതൗ’ (Chutou) എന്ന എട്ട് വയസ്സുള്ള ബോർഡർ കോളി ഇനത്തിൽപ്പെട്ട നായയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കഠിനമായ മരുഭൂമികളിലും മഞ്ഞുമലകളിലും തന്റെ ഉടമയ്‌ക്കൊപ്പം യാത്ര ചെയ്തും രാത്രികാലങ്ങളിൽ ടെന്റിന് കാവലിരുന്നും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചുതൗ വൻ ജനപ്രീതി നേടിയിരുന്നു. ഉടമ ഗുഓ ജോർജിയയിലേക്ക് ഒരു യാത്ര പോയ സമയത്ത് തന്റെ മാതാപിതാക്കളുടെ സംരക്ഷണയിൽ നാട്ടിലെ കൃഷിയിടത്തിൽ നിർത്തിയിരുന്ന നായയെ രണ്ട് പേർ ചേർന്ന് ഇലക്ട്രിക് ബൈക്കിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
നായയെ കാണാതായ വിവരം അറിഞ്ഞ് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചെത്തിയ ഗുഓ, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്തുകയും നായയെ തിരികെ തന്നാൽ 10,000 യുവാൻ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ താൻ അതിനെ ഒരു തെരുവ് നായയെന്ന് തെറ്റിദ്ധരിച്ചതാണെന്നും അതിനെ 180 യുവാന് (ഏകദേശം 2,000 രൂപ) ഒരു നായയിറച്ചി റസ്റ്റോറന്റിൽ വിറ്റുവെന്നുമായിരുന്നു മോഷ്ടാവിന്റെ മറുപടി. നായയുടെ കഴുത്തിൽ കോളറും ട്രാക്കറും ഉണ്ടായിരുന്നിട്ടും മോഷ്ടാവ് ഇത് മനഃപൂർവ്വം ചെയ്യുകയായിരുന്നു എന്ന് ഉടമ ആരോപിക്കുന്നു.
നായ ചത്തുപോയെന്നും താൻ നിയമലംഘനം നടത്തിയിട്ടില്ലെന്നുമുള്ള മോഷ്ടാവിന്റെ തികച്ചും അഹങ്കാരം നിറഞ്ഞ മറുപടിയെത്തുടർന്ന് ഗുഓ പോലീസിൽ പരാതി നൽകി. ചൈനയിൽ വളർത്തുമൃഗങ്ങൾക്കായി പ്രത്യേക സംരക്ഷണ നിയമങ്ങൾ നിലവിലില്ലാത്തതിനാൽ മൃഗങ്ങളെ വെറും സ്വത്തായി മാത്രമാണ് നിയമം കാണുന്നത്. മോഷ്ടിക്കപ്പെട്ട വസ്തുവിന് 2000 യുവാന് മുകളിൽ മൂല്യമുണ്ടെങ്കിൽ മാത്രമേ ക്രിമിനൽ കേസെടുക്കാൻ സാധിക്കൂ എന്നതിനാൽ നായയുടെ വിപണി മൂല്യം തെളിയിക്കാനുള്ള നിയമപോരാട്ടത്തിലാണ് ഈ യുവാവ് ഇപ്പോൾ.
Summary: A celebrity pet dog named Chutou, a Border Collie with over 1.5 million followers on Chinese social media, was stolen and slaughtered for meat in Henan province. The dog’s owner, a travel influencer named Guo, rushed back from an international trip only to discover that the thief had sold his beloved pet to a dog meat restaurant for 180 yuan. Despite Chutou wearing a collar and tracker, the unrepentant thief claimed he mistook it for a stray, highlighting severe gaps in China’s legal framework where companion animals are legally treated merely as property and lack specific protection laws.

