തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രിയ നടനുമായ വിജയ് ഒരു എയർഹോസ്റ്റസിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Tamil Nadu Chief Minister Vijay,). തമിഴ്‌നാടിന്റെ അമരക്കാരനായി ചുമതലയേറ്റ ശേഷമുള്ള വിജയിയുടെ ആദ്യ ഔദ്യോഗിക ഡൽഹി യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് പകർത്തിയ ചിത്രമാണിത്.
വിമാനത്തിലെ ക്രൂ അംഗമായ ഉമ മീനാക്ഷിയാണ് താരത്തിനൊപ്പമുള്ള മനോഹരമായ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വെള്ള ഷർട്ടും കറുത്ത ഓവർകോട്ടും പാൻ്റ്സുമണിഞ്ഞ്, തന്റെ പതിവ് ലളിതമായ ലുക്കിലാണ് വിജയ് ചിത്രത്തിലുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിലും ഏറെ ശ്രദ്ധിക്കപ്പെട്ട വിജയിയുടെ ഇതേ കാഷ്വൽ ലുക്ക് തന്നെയാണ് ഇപ്പോഴും ആരാധകരുടെ മനം കവരുന്നത്.
“ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ സി. ജോസഫ് വിജയ് (നമ്മുടെ സ്വന്തം ദളപതി) വിമാനത്തിലുണ്ടായിരുന്നതിനാൽ ഇന്നത്തെ ക്രൂ ഡ്യൂട്ടി ഏറെ സവിശേഷമായ ഒന്നായി മാറി” എന്ന കുറിപ്പോടെയാണ് ഉമ ചിത്രം പങ്കുവെച്ചത്.
ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഒരു ജനപ്രിയ സിനിമാ നടനിൽ നിന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തിയപ്പോഴും വിജയ് തന്റെ എളിമയും ലളിതമായ വ്യക്തിത്വവും കൈവിട്ടിട്ടില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. സാധാരണക്കാരോട് വളരെ സ്നേഹത്തോടെയും വിനയത്തോടെയും ഇടപെടുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെ പ്രകീർത്തിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
തന്റെ ആദ്യ ഡൽഹി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്ര മന്ത്രിമാരുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ കേന്ദ്ര ഫണ്ടുകൾ അനുവദിക്കണമെന്നതുൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളും അദ്ദേഹം കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചു.
Story Summary: A photo of Tamil Nadu Chief Minister and actor Vijay posing with a flight attendant during his first official trip to Delhi has gone viral. Flight crew member Uma Meenakshi shared the picture on social media, praising the leader’s simplicity.

