കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന ‘ലക്ഷ്മീർ ഭണ്ഡാർ’ പുതിയ ബിജെപി സർക്കാർ തുടരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു (Suvendu Adhikari on Lakshmir Bhandar Scheme). മുൻ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളൊന്നും നിർത്തലാക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന ‘ലക്ഷ്മീർ ഭണ്ഡാർ’ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ഗുണഭോക്താക്കൾക്ക് ലഭിക്കും. ബംഗ്ലാദേശ് അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനായി ബിഎസ്എഫിന് ആവശ്യമായ ഭൂമി 45 ദിവസത്തിനുള്ളിൽ കൈമാറും. നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായാണിത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ബംഗാളിൽ നടപ്പിലാക്കും. കേന്ദ്ര പദ്ധതികളോടുള്ള മമത സർക്കാരിന്റെ നിസ്സഹകരണം അവസാനിപ്പിക്കാനാണ് നീക്കം. രതീയ ന്യായ സംഹിത ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ 15 വർഷമായി തൃണമൂൽ കോൺഗ്രസ് ഭരിച്ചിരുന്ന ബംഗാളിൽ 294-ൽ 207 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. മമത ബാനർജിയുടെ കോട്ടയായ ഭവാനിപൂരിൽ അവരെ പരാജയപ്പെടുത്തിക്കൊണ്ടാണ് സുവേന്ദു അധികാരി ചരിത്രവിജയം നേടിയത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും നുഴഞ്ഞുകയറ്റത്തിനെതിരെയും ശക്തമായ പ്രചാരണം ബിജെപി നടത്തിയിരുന്നു. ഹിംസരഹിതമായ തിരഞ്ഞെടുപ്പ് നടത്തിയതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തുകയും രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
Summary: New Bengal CM Suvendu Adhikari announced that the ‘Lakshmir Bhandar’ welfare scheme will continue under the BJP government. In its first cabinet meeting, the government decided to implement central schemes like Ayushman Bharat, hand over land to BSF for border fencing within 45 days, and adopt new criminal laws (Bharatiya Nyaya Sanhita).

