ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം ദേശീയ രാഷ്ട്രീയത്തെയും ചൂടുപിടിപ്പിക്കുന്നതിനിടെ ഡൽഹിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി (Rahul Gandhi Gandhi Smriti Protes). ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർള ഹൗസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഇന്ത്യ സഖ്യ എംപിമാരുടെ യോഗത്തിന് ശേഷമാണ് പ്രതിഷേധ പരിപാടിക്ക് അന്തിമരൂപം നൽകിയത്. പ്രതിഷേധത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ വസതിക്ക് ചുറ്റുമുള്ള സുരക്ഷ ഡൽഹി പൊലീസ് കർശനമാക്കി. വീടിന്റെ ഇരുവശങ്ങളിലുമുള്ള റോഡുകൾ അടച്ച പൊലീസ്, റോഡിന് കുറുകെ ബസുകൾ നിർത്തി ഗതാഗതം തടഞ്ഞു. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെയും കേന്ദ്രസുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
രാഹുലിന്റെ വസതിക്ക് സമീപം പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ബാരിക്കേഡുകൾ തള്ളിനീക്കി മുന്നോട്ട് നീങ്ങി. തുടർന്ന് പ്രവർത്തകരും പ്രതിപക്ഷ എംപിമാരും രാഹുൽ ഗാന്ധിക്കൊപ്പം അണിനിരന്നു. പിന്നീട് ഇന്ത്യ സഖ്യത്തിലെ എംപിമാർ പ്രത്യേക ബസിൽ ഗാന്ധി സ്മൃതിയിലേക്ക് യാത്ര തിരിച്ചു. ഗാന്ധി സ്മൃതി പരിസരത്ത് സമാധാനപരമായി പ്രതിഷേധം നടത്താൻ അനുമതി ലഭിച്ചതായാണ് വിവരം. വിദ്യാർഥികളുടെ ആവശ്യങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുമെന്നും സമരം നടത്തുന്ന യുവാക്കളുടെ ശബ്ദം അവഗണിക്കരുതെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തി കോക്രോച്ച് ജനതാ പാർട്ടി നാളെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിരിക്കുകയാണ്. വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ നടപടിയിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരാഹ്വാനം. സമരം ശക്തമാകുന്നതിനിടെ സി.ജെ.പി നേതൃത്വവുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ വീണ്ടും ക്ഷണം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്കൊപ്പം ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും, സമരവേദിയായ ജന്തർ മന്ദറിലാണ് ചർച്ച നടക്കേണ്ടതെന്ന നിലപാടിലാണ് സി.ജെ.പി.
അതേസമയം, ഡൽഹിയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് 30 കമ്പനി അധിക കേന്ദ്രസേനയെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. സി.ആർ.പി.എഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF), ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നിവയുടെ യൂണിറ്റുകളാണ് അധികമായി എത്തിയിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ 20 അംഗ പ്രത്യേക അന്വേഷണസംഘവും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Summary: Rahul Gandhi and INDIA bloc MPs marched to Gandhi Smriti in solidarity with students protesting the NEET paper leak issue. Amid tight security in Delhi, the opposition intensified its protest as the CJP also announced a nationwide agitation while the Centre renewed its offer for talks.


