ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വാർത്താ സമ്മേളനങ്ങളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെ പരിഹസിച്ച പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം ( Pakistan Army Trolling). കഴിഞ്ഞ വർഷം 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന സൈനിക നീക്കത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയ്ക്കിടെയായിരുന്നു പാക് വക്താവിന്റെ വിവാദ പരാമർശം.
ഇന്ത്യൻ ഉദ്യോഗസ്ഥർ എന്തിനാണ് ഇംഗ്ലീഷ് സംസാരിക്കുന്നത് എന്നും ലോകത്തിന് മുന്നിൽ സ്വന്തം ഭാഷ്യം ചമയ്ക്കാനാണോ ഇതെന്നും ചൗധരി ചോദിച്ചിരുന്നു. എന്നാൽ ഈ പരാമർശം പാകിസ്ഥാനിലും ഇന്ത്യയിലുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചിരിക്ക് വഴിവെച്ചു. പാക് സൈന്യത്തിനുള്ളിലെ ആശയവിനിമയം ഇപ്പോഴും ഇംഗ്ലീഷിലാണെന്ന് ചൂണ്ടിക്കാട്ടി പാക് മുൻ സൈനിക ഉദ്യോഗസ്ഥനായ മേജർ ആദിൽ ഫാറൂഖ് രാജ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സ്വന്തം രാജ്യം ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ മറ്റുള്ളവരെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം വിമർശിച്ചു.
പാക് സൈനിക ഉദ്യോഗസ്ഥർ സ്വന്തം നാട്ടുകാരെ കബളിപ്പിക്കാൻ ഉറുദു ഉപയോഗിക്കുന്നുവെന്നും അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് തന്നെയാണ് ആശ്രയമെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാന് ചൈന സാങ്കേതിക സഹായം നൽകിയിരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Summary: Pakistan military spokesperson Lt Gen Ahmed Sharif Chaudhry faced widespread trolling after questioning why Indian Army officers use English in briefings. Critics, including former Pakistan Army major Adil Farooq Raja, pointed out the irony, stating that the Pakistan military itself relies heavily on English for internal communications and international messaging.

