ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകളിൽ തൃപ്തി രേഖപ്പെടുത്തി വി.ഡി. സതീശൻ. ഹൈക്കമാൻഡിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഇനി തീരുമാനം പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളൂവെന്നും ചർച്ചയ്ക്ക് ശേഷം കേരള ഹൗസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു (V.D. Satheesan Delhi Meeting). മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതികരണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കൾക്കായി നടക്കുന്ന ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകളും ഇന്ന് തന്നെ നീക്കം ചെയ്യണമെന്ന് നേതാക്കൾ അണികളോട് ആഹ്വാനം ചെയ്തു. ഇത്തരം പരസ്യമായ ശക്തിപ്രകടനങ്ങൾ നേതാക്കളെയും വോട്ട് ചെയ്ത ജനങ്ങളെയും ഒരുപോലെ ബാധിക്കുമെന്ന് സതീശൻ ഓർമ്മിപ്പിച്ചു. പാർട്ടിയും ജനങ്ങളുമാണ് പരമപ്രധാനമെന്നും രാഹുൽ ഗാന്ധിയുടെയും ഖർഗെയുടെയും തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദീപാദാസ് മുൻഷി അറിയിച്ചു. നേതാക്കളുമായി കൂട്ടമായും വ്യക്തിപരമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. ഡൽഹിയിലെ ചർച്ചകൾക്ക് വിരാമമിട്ട് നേതാക്കൾ ഇന്ന് തന്നെ കേരളത്തിലേക്ക് മടങ്ങും. വി.ഡി. സതീശനും സണ്ണി ജോസഫും ഇന്ന് രാത്രിയും, രമേശ് ചെന്നിത്തല നാളെയും മടങ്ങിയെത്തും. നിലപാടുകളിൽ നിന്ന് നേതാക്കൾ പിന്നോട്ട് പോയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
Summary: V.D. Satheesan expressed satisfaction following high-level discussions in Delhi regarding the selection of Kerala’s next Chief Minister. He and other top leaders urged supporters to stop public demonstrations and remove posters immediately to maintain party discipline. With the Delhi talks concluded, the final decision now rests with Mallikarjun Kharge and Rahul Gandhi.

