ശ്രീനഗർ: ജന്തർ മന്തർ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച യുവാക്കളെ ക്ഷമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി (Mehbooba Mufti Two Gen Z India statement). ഇന്ത്യയിൽ രണ്ട് വിഭാഗം ജെൻ സി യുവാക്കളുണ്ടെന്നും, ഒരുകൂട്ടർ അവസരങ്ങൾ പാരമ്പര്യമായി ലഭിച്ചവരാണെങ്കിൽ കശ്മീരിലെ യുവതലമുറ കർഫ്യൂവും നിയന്ത്രണങ്ങളും ഇന്റർനെറ്റ് നിരോധനങ്ങളും തൊഴിലില്ലായ്മയും മാനസിക ആഘാതങ്ങളുമാണ് പാരമ്പര്യമായി ഏറ്റുവാങ്ങിയതെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സിലൂടെയായിരുന്നു മെഹബൂബയുടെ പ്രതികരണം. കശ്മീരിലെ യുവാക്കൾക്ക് സഹതാപമോ ദാനമോ ആവശ്യമില്ലെന്നും, മറിച്ച് അന്തസ്സോടെയുള്ള ജീവിതം, തുല്യ അവസരങ്ങൾ, രാഷ്ട്രീയ ഇടം, ഭയമില്ലാതെ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം എന്നിവയാണ് അവർ ആവശ്യപ്പെടുന്നതെന്നും മെഹബൂബ വ്യക്തമാക്കി.
“ഇന്ത്യയിൽ രണ്ട് ജെൻ സികളുണ്ട്. ഒരുകൂട്ടർ അവസരങ്ങൾ പാരമ്പര്യമായി ലഭിച്ചവരാണ്. എന്നാൽ കശ്മീരിലെ യുവാക്കൾക്ക് കർഫ്യൂ, അടിച്ചമർത്തൽ നടപടികൾ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ, നഷ്ടപ്പെട്ട പഠനകാലം, തൊഴിലില്ലായ്മ, മാനസിക ആഘാതങ്ങൾ എന്നിവയാണ് പാരമ്പര്യമായി ലഭിച്ചത്,” മെഹബൂബ എക്സിൽ കുറിച്ചു.
രാജ്യത്തിന്റെ ഭാവിയെ കരുണ നിർവചിക്കണമെങ്കിൽ അതിന് തുടക്കം കശ്മീരിൽ നിന്നാകണമെന്നും അവർ പറഞ്ഞു. കശ്മീരിലെ യുവാക്കൾക്ക് തുല്യ അവസരങ്ങളും രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള ഇടവും നൽകണമെന്ന ആവശ്യവും മെഹബൂബ മുന്നോട്ടുവെച്ചു. ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ചില യുവാക്കൾ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അസഭ്യമായ ഭാഷ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇത്തരം വാക്കുകൾ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ യുവത്വത്തിൽ തെറ്റുകൾ സംഭവിക്കാമെന്നും അവ തിരുത്താനുള്ള അവസരവും യുവാക്കൾക്ക് നൽകണമെന്നും മോദി പറഞ്ഞു. യുവാക്കളെ ശിക്ഷിക്കുകയോ കോടതി നടപടികളിലേക്ക് വലിച്ചിഴക്കുകയോ സാമൂഹികമായി ഒറ്റപ്പെടുത്തുകയോ ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ അവരെ ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. സമൂഹവും അവരെ അംഗീകരിക്കണം. തെറ്റായ വഴിയിലേക്ക് പോയ കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വഴിതെറ്റിയവരെ തിരികെ നയിക്കുന്നത് പ്രയാസകരമായ ദൗത്യമാണെങ്കിലും അത് സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: PDP chief Mehbooba Mufti responded to Prime Minister Narendra Modi’s remarks about forgiving young protesters by saying that India has “two Gen Zs” — one with inherited opportunities and another in Kashmir facing curfews, restrictions, unemployment and trauma. She said Kashmiri youth seek dignity, equal opportunities, political space and the freedom to dream without fear.


