റിപ്പോർട്ട് : അൻവർ ഷരീഫ്
താമരശ്ശേരി: ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരം ഒമ്പതാം വളവിന് മുകളിലായി വൻതോതിൽ മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു (Thamarassery Churam landslide). വൈകിട്ട് 4:15-ഓടെയായിരുന്നു അപകടം. തുടർന്ന് ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ ഉടനടി സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതയോഗ്യമാക്കി.
എന്നാൽ ചുരം മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ റോഡിലെ മണ്ണ് പൂർണ്ണമായി നീക്കം ചെയ്യുന്നതിന് തടസ്സം നേരിടുന്നുണ്ട്. നിലവിൽ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വളരെ അടിയന്തര പ്രാധാന്യമുള്ള യാത്രകൾ മാത്രം നടത്താനും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
Story Summary: Traffic was partially restored on Thamarassery Churam’s 9th hairpin curve after a landslide brought down soil and trees. While Churam Green Brigade volunteers cleared the fallen trees, continuous heavy rain has hindered complete soil removal, allowing traffic through only one lane. Authorities have advised travelers to avoid non-essential journeys through the ghat road.


