കൊൽക്കത്ത: ബംഗാളിലെ ഐ.ഐ.ടി ഖരഗ്‌പൂർ ക്യാംപസിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് പ്രഫസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അധ്യാപകനായ ഹൈദരാബാദ് സ്വദേശി ദീപക് റെഡ്ഡി പുള്ളഗുരാം (36) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസും ഹിജ്‌ലി പൊലീസ് ഔട്ട്‌പോസ്റ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(IIT Kharagpur Assistant Professor Deepak Reddy Pullaguram Found Dead In Campus Quarters)
ക്വാർട്ടേഴ്സിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് സുരക്ഷാ ജീവനക്കാരും പൊലീസുമെത്തി ഇദ്ദേഹത്തെ ക്യാംപസിനുള്ളിലെ ബി.സി. റോയ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ക്വാർട്ടേഴ്സ് പൊലീസ് സീൽ ചെയ്യുകയും ചെയ്തു.
2022-ലാണ് ദീപക് റെഡ്ഡി ഐ.ഐ.ടി ഖരഗ്‌പൂരിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേരുന്നത്. ഹൈദരാബാദിലെ ജെ.എൻ.ടി.യു (JNTU) സർവ്വകലാശാലയിൽ നിന്ന് ബി.ടെക്കും, എൻ.ഐ.ടി വാരങ്കളിൽ നിന്ന് എം.ടെക്കും, ഐ.ഐ.ടി ഡൽഹിയിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം ഖരഗ്‌പൂരിൽ എത്തുന്നത്. ഇദ്ദേഹം താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കുടുംബപ്രശ്നങ്ങളോ ജോലിപരമായ മാനസിക സമ്മർദ്ദങ്ങളോ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
Story Summary
A 36-year-old Assistant Professor in the Electrical Engineering Department at IIT Kharagpur, Deepak Reddy Pullaguram, was found hanging inside his campus quarters. Police have registered a case of unnatural death and are probing all angles, including potential personal or work-related stress, to determine the exact cause behind the tragedy.


