ഇന്ത്യൻ നിർമ്മിത റോബോട്ടുകൾ (HLL lifecare limited) ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതികളിലൊന്നിന് തുടക്കമിടാനൊരുങ്ങി കേന്ദ്ര കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL). പദ്ധതിക്കായി എച്ച്.എൽ.എല്ലിന്റെ സസ്‌റ്റൈനബിൾ പ്രോജക്ട്സ് ഡിവിഷൻ മഹാരാഷ്ട്ര സർക്കാരിന് കീഴിലുള്ള ‘മഹാത്മാ ഫൂലെ ബാക്ക്‌വേർഡ് ക്ലാസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡുമായി’ (MPBCDC) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സംസ്ഥാനത്തെ വിവിധ മുനിസിപ്പാലിറ്റികളിലെ മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ‘ബാൻഡിക്കൂട്ട്’ (Bandicoot) പരമ്പരയിലുള്ള 100 റോബോട്ടുകളെ പദ്ധതിയിലൂടെ ഘട്ടങ്ങളായി വിതരണം ചെയ്യും. പ്രമുഖ റോബോട്ടിക്സ് സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക് ഇന്നൊവേഷൻസാണ് (Genrobotics) സാങ്കേതികവിദ്യയും റോബോട്ടുകളും ലഭ്യമാക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ ഡ്രൈനേജ് ശൃംഖലകളിൽ മനുഷ്യർ നേരിട്ടിറങ്ങി വൃത്തിയാക്കുന്ന ‘മാനുവൽ സ്‌കാവഞ്ചിംഗ്’ രീതി പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും.
എച്ച്.എൽ.എൽ സസ്‌റ്റൈനബിൾ പ്രോജക്ട്സ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഡോ. നിരീഷ് പി.എച്ചും എം.പി.ബി.സി.ഡി.സി മാനേജിംഗ് ഡയറക്ടർ റുചേഷ് ജയ്‌വംശി ഐ.എ.എസും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ജെൻറോബോട്ടിക്‌സ്, എം.പി.ബി.സി.ഡി.സി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
സീവേജ് ശൃംഖലകളുടെ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കാനും, ശുചീകരണ തൊഴിലാളികളുടെ ജീവന്റെ സുരക്ഷയും തൊഴിൽ അന്തസ്സും ഉറപ്പാക്കാനും ഈ ആധുനിക പദ്ധതി വഴിയൊരുക്കും. മാൻഹോൾ ശുചീകരണം പൂർണ്ണമായി ആധുനികവൽക്കരിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ശ്രമങ്ങൾക്ക് കരുത്തുപകരുന്ന ഈ മാതൃക മറ്റ് സംസ്ഥാനങ്ങൾക്കും പ്രചോദനമാണെന്ന് എച്ച്.എൽ.എൽ അധികൃതർ അറിയിച്ചു.
Story Summary:
HLL Lifecare Limited signed an agreement with Maharashtra’s MPBCDC to deploy 100 Genrobotics-made ‘Bandicoot’ robots for cleaning manholes across municipalities in Maharashtra, marking one of India’s largest robotic sewage sanitation projects aimed at eliminating manual scavenging.


