എയർ ഇന്ത്യയിൽ തൊഴിൽ തേടി ഗോ ഫസ്റ്റ് പൈലറ്റുമാർ; ജോബ് ഡ്രൈവിൽ പങ്കെടുത്തത് നിരവധി പേർ
Fri, 5 May 2023

സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പാപ്പർ ഹർജി ഫയൽ ചെയ്ത ഗോ ഫസ്റ്റിൽ നിന്നും എയർ ഇന്ത്യയിലേക്ക് തൊഴിൽ തേടി പൈലറ്റുമാർ. മെയ് 9 വരെയുള്ള സർവീസുകൾ ഗോ ഫസ്റ്റ് റദ്ദ് ചെയ്തതിന് പിന്നാലെയാണ് എയർ ഇന്ത്യ സംഘടിപ്പിച്ച ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റിലെ പൈലറ്റുമാർ കൂട്ടമായി എത്തിയത്. സാധാരണ നിലയിൽ പ്രവർത്തിച്ചിരുന്ന ഗോ ഫസ്റ്റ് ജീവനക്കാരെ ഞെട്ടിച്ചു കൊണ്ടാണ് പാപ്പർ ഹർജി ഫയൽ ചെയ്തത്. ഇതോടെ, ഗോ ഫസ്റ്റിലെ നിരവധി ജീവനക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ, ഗോ ഫസ്റ്റ് മേയ് 9 വരെയുള്ള സർവീസുകൾ റദ്ദ് ചെയ്യുകയും, മെയ് 15 വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ബിസിനസ് വിപുലികരണത്തിന്റെ ഭാഗമായി എയർ ഇന്ത്യ 4,200 ക്യാബിൻ ക്രൂവിനെയും, 900 പൈലറ്റുമാരെയും റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ടാറ്റാ ഗ്രൂപ്പ് ഡൽഹിയിൽ ജോബ് ഡ്രൈവ് സംഘടിപ്പിച്ചത്. ആഴ്ചകൾ കൊണ്ട് 700 ഓളം പൈലറ്റുമാരുടെ അപ്ലിക്കേഷനാണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്.