'ചെറിയൊരു മൺവീട് തീർക്കാൻ ആഗ്രഹിച്ചെത്തിയ എനിക്ക് കൊട്ടാരം തന്നെ നൽകി, കരുത്തനായ ഒരു ശത്രുവിനെയാണ് വേണ്ടത്': സിനിമാ ലോകത്ത് നിന്ന് പിൻവാങ്ങുന്നുവെന്ന് വിജയ് | Vijay
ചെന്നൈ: മലേഷ്യയിലെ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ നടന്ന 'ജനനായകൻ' ഓഡിയോ ലോഞ്ചിൽ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് ദളപതി വിജയ് മനസ്സ് തുറന്നത്. 'ദളപതി തിരുവിഴ' എന്ന് പേരിട്ട ചടങ്ങ് ഒരു ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തം കൊണ്ട് മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു.(Vijay announces retirement from film industry)
"സിനിമയിലേക്ക് വരുമ്പോൾ ചെറിയൊരു മൺവീട് കെട്ടാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ ആരാധകർ എന്നെ ഒരു കൊട്ടാരമാക്കി വളർത്തി, ഒരു കോട്ട തീർത്തുതന്നു. അവർക്ക് വേണ്ടി നിലകൊള്ളാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് വേണ്ടി എല്ലാം നൽകിയ ആരാധകർക്കായി ഞാൻ എന്റെ സിനിമ തന്നെ ഉപേക്ഷിക്കുകയാണ്.ജീവിതത്തിൽ വിജയിക്കാൻ സുഹൃത്തുക്കളല്ല, പകരം കരുത്തനായ ഒരു ശത്രുവിനെയാണ് വേണ്ടത്. ശത്രു കരുത്തനാകുമ്പോൾ നമ്മളും കരുത്തരാകും," അദ്ദേഹം പറഞ്ഞു.
2026-ൽ ചരിത്രം ആവർത്തിക്കുമെന്നും അത് ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യാൻ തയ്യാറായിരിക്കണമെന്നും രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കിക്കൊണ്ട് വിജയ് പറഞ്ഞു. വിജയിയുടെ കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' ജനുവരി 9-നാണ് തിയേറ്ററുകളിൽ എത്തുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്:
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം മേനോൻ, പ്രിയാമണി, നരേൻ എന്നിവരാണ് താരങ്ങൾ. ആറ് മണിക്കൂർ നീണ്ട പരിപാടിക്ക് കനത്ത സുരക്ഷയാണ് മലേഷ്യയിൽ ഒരുക്കിയിരുന്നത്. തമിഴ് വംശജർ ധാരാളമുള്ള മലേഷ്യയിലെ ആരാധകർക്ക് വിജയ് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
