

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധിയിൽ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജന്തർമന്ദറിൽ അതിജീവിതയ്ക്കും മാതാവിനുമൊപ്പം നൂറുകണക്കിന് സാമൂഹിക പ്രവർത്തകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതിനിടെ അതിജീവിതയുടെ മാതാവ് കുഴഞ്ഞുവീണതിനെത്തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ച് ഇരുവരും മടങ്ങി.
കേസ് അന്വേഷണ ഘട്ടത്തിൽ സിബിഐ ഉദ്യോഗസ്ഥർ പ്രതിയുമായി ഒത്തുകളിച്ചെന്ന് അതിജീവിത ആരോപിച്ചു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാൻ ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകിയെന്നാണ് ആരോപണം. ഇത് ചൂണ്ടിക്കാട്ടി അട്ടിമറിക്ക് ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആറ് പേജുള്ള പരാതി അതിജീവിത സിബിഐക്ക് നൽകി.
ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നീക്കത്തിൽ പ്രതീക്ഷയുണ്ടെന്നും എന്നാൽ തങ്ങൾക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അതിജീവിത റിപ്പോർട്ടർമാരോട് പറഞ്ഞു. നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് അതിജീവിതയുടെ മാതാവ് വ്യക്തമാക്കി.