ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി മാറിയെന്നും സുരക്ഷയുടെ കാര്യത്തിൽ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകത്തിന് ബോധ്യപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മൻ കി ബാത്ത്' റേഡിയോ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Operation Sindoor is a symbol of India's strength, there is no compromise on security, says Prime Minister)
'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭാരതമാതാവിനോടുള്ള സ്നേഹത്തിന്റെ ദൃശ്യങ്ങൾ ഉയർന്നുവന്നു. ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ട നിമിഷമായിരുന്നു അത്. വനിതാ ബ്ലൈൻഡ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയം, ഏഷ്യാ കപ്പ് ടി20യിലെ മിന്നും പ്രകടനം, പ്രതിസന്ധികളെ മറികടന്ന് മെഡലുകൾ വാരിക്കൂട്ടിയ പാരാ അത്‌ലറ്റുകളുടെ കരുത്ത് എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ (ISS) ആദ്യ ഇന്ത്യക്കാരനായി മാറിയ ശുഭാംശു ശുക്ലയുടെ നേട്ടത്തെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർ മാതൃഭാഷയോട് കാണിക്കുന്ന താല്പര്യം ശ്രദ്ധേയമാണ്. ഫിജിയിലെ ഒരു സ്കൂളിൽ തമിഴ് ദിനം ആഘോഷിച്ചതും ദുബായിലെ പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കാശിയിൽ സംഘടിപ്പിച്ച നാലാമത് 'കാശി തമിഴ് സംഗമ'ത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
2025 ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയ വർഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വദേശി ഉൽപ്പന്നങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചെങ്കിലും, നിരവധി പ്രകൃതി ദുരന്തങ്ങൾക്കും ഈ വർഷം സാക്ഷിയായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.