

ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ ബിജെപി കൗൺസിലറുടെ ഭർത്താവ് യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. റാംപുർ ബാഘേലൻ നഗർ പരിഷദിലെ ബിജെപി കൗൺസിലറുടെ ഭർത്താവായ അശോക് സിങ്ങിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.(Nothing will happen to me, Rape complaint filed against BJP councilor's husband)
ആറുമാസം മുൻപ് വീട്ടിൽ അതിക്രമിച്ചു കയറിയ അശോക് സിങ്, യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡിസംബർ 20-ന് വീണ്ടും യുവതിയുടെ അടുത്തെത്തിയ ഇയാൾ പഴയ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിച്ചു. യുവതി ജോലി ചെയ്യുന്ന കടയിലെത്തിയും ഇയാൾ ശല്യം തുടർന്നു. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ യുവതി ഇയാളുമായുള്ള സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തു. എവിടെ പരാതിപ്പെട്ടാലും തനിക്കൊന്നും സംഭവിക്കില്ലെന്ന് അശോക് സിങ് വീഡിയോയിൽ വെല്ലുവിളിക്കുന്നുണ്ട്. പശ്ചാത്തലത്തിൽ യുവതി കരയുന്നതും ഈ വീഡിയോയിൽ വ്യക്തമാണ്.
ക്രിമിനൽ പശ്ചാത്തലമുള്ള അശോകിനെ മുൻപ് ജില്ലയിൽ നിന്ന് നാടുകടത്തിയിട്ടുള്ളതാണെന്ന് യുവതി സത്‌ന എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. അഞ്ച് ദിവസം മുൻപ് പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് യുവതി ആരോപിക്കുന്നു. പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതാണ് പോലീസ് നടപടി വൈകിപ്പിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്.