ന്യൂഡൽഹി: ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ 2026 ഐപിഎൽ സീസണിൽ കളിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉജ്ജയിനിലെ പ്രാദേശിക മതനേതാക്കൾ രംഗത്ത്. ബംഗ്ലദേശിൽ ഹിന്ദു വിഭാഗങ്ങൾക്കെതിരെ തുടരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഐപിഎൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. താരത്തെ കളത്തിലിറക്കിയാൽ പിച്ചുകൾ തകർക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.(IPL will be stopped if Mustafizur Rahman is playing, Religious leaders in Ujjain threatens)
ബംഗ്ലദേശിലെ ഹിന്ദു വേട്ടയെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ബംഗ്ലദേശ് താരങ്ങളെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ അനുവദിക്കില്ലെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) മുസ്തഫിസുറിനെ സ്വന്തമാക്കിയത്. ഒരു ബംഗ്ലദേശ് ക്രിക്കറ്റ് താരത്തിന് ഐപിഎല്ലിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. താരത്തെ ടീമിലെടുത്തതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൻ ക്യാംപെയ്നുകൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു.