ഭോപ്പാൽ: നോയിഡ സ്വദേശിനിയായ 33 കാരി ത്വിഷ ശർമ്മയെ ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതരമായ ഗാർഹിക പീഡന, സ്ത്രീധന ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം (Dowry Harassment Death Bhopal). 2025 ഡിസംബറിലായിരുന്നു ഭോപ്പാലിലെ അഭിഭാഷകനായ സമർത്ഥ് സിംഗുമായി ത്വിഷയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച (മേയ് 12) രാത്രിയാണ് ത്വിഷ മരിച്ച വിവരം കുടുംബത്തെ അറിയിക്കുന്നത്. ത്വിഷയുടെ ഭർതൃമാതാവ് വിരമിച്ച ജഡ്ജിയായതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ഭർതൃഗൃഹം അടിയന്തരമായി പൂട്ടി മുദ്രവെക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
മരണദിവസം രാത്രി 10:05-ന് ത്വിഷ തന്റെ അമ്മയെ ഫോണിൽ വിളിച്ച് ഭർതൃഗൃഹത്തിൽ താൻ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നതായി കുടുംബം പറയുന്നു. സംസാരത്തിനിടയിൽ ഭർത്താവ് മുറിയിലേക്ക് വന്നതോടെ ഫോൺ കട്ടായി. പിന്നീട് തിരിച്ചുവിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. ഒടുവിൽ 10:20-ഓടെ ത്വിഷയ്ക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ലെന്ന വിവരമാണ് ഭർതൃവീട്ടുകാർ നൽകിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് വെറും 10 മിനിറ്റ് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും രാത്രി 11:30-ഓടെയാണ് അവർ ആശുപത്രിയിൽ എത്തിച്ചതെന്നും ചികിത്സ നൽകാൻ വൈകിച്ചതായും ഇന്ത്യൻ ആർമിയിൽ മേജറായ ത്വിഷയുടെ സഹോദരൻ ഹർഷിത് ശർമ്മ ആരോപിച്ചു.
ത്വിഷയ്ക്ക് കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് സഹോദരൻ വ്യക്തമാക്കുന്നു. ഗർഭിണിയായിരുന്ന ത്വിഷയോട് കുട്ടി തന്റേതല്ലെന്ന് ഭർത്താവ് ആരോപിക്കുകയും കടുത്ത സമ്മർദ്ദത്തിനൊടുവിൽ ഒരു ആഴ്ച മുൻപ് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് പുറമെ, ത്വിഷയുടെ പിതാവ് സമ്മാനമായി നൽകിയ 20 ലക്ഷം രൂപയുടെ ഓഹരികളും നിക്ഷേപങ്ങളും ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പേരിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് സ്ത്രീധന പീഡനവും നടന്നിരുന്നു.
ത്വിഷയുടെ മരണ കാരണം തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മരണത്തിന് മുൻപ് ശരീരത്തിൽ പലയിടങ്ങളിലായി ഉണ്ടായ മുറിവുകളും ചതവുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ആഴ്ച മുൻപ് ഗർഭഛിദ്രം നടന്നതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് എത്രയും വേഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണമെന്ന ആവശ്യത്തിലാണ് പെൺകുട്ടിയുടെ കുടുംബം.
Summary: A 33-year-old woman from Noida, Twisha Sharma, died under mysterious circumstances at her matrimonial home in Bhopal just five months after her marriage to an advocate. Her family, including her brother who is an Army Major, alleged severe domestic violence, dowry harassment, and forced medical termination of pregnancy. The short post-mortem report confirmed hanging along with multiple injuries on her body sustained before death.

