ചെന്നൈ: നടി തൃഷയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളം ഡി.എം.കെ പ്രവർത്തകരുടെ വൻ പ്രതിഷേധം. മദ്രാസ് ഹൈക്കോടതിക്ക് മുന്നിലും സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും അണികൾ റോഡ് ഉപരോധിച്ചും മുദ്രാവാക്യം വിളിച്ചും രംഗത്തെത്തി.(DMK Protests Across Tamil Nadu Following Udhayanidhi Stalin Arrest)
തൂത്തുക്കുടി പഴയ ബസ് സ്റ്റാൻഡിന് സമീപം റോഡ് ഉപരോധിച്ച മുൻ മന്ത്രി പി. ഗീതാ ജീവൻ അടക്കമുള്ള നിരവധി പാർട്ടി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡി.എം.കെയുടെ രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകാൻ കഴിയാത്തതുകൊണ്ടാണ് ടി.വി.കെ സർക്കാർ പ്രതികാര ബുദ്ധിയോടെ ഉദയനിധിയെ അറസ്റ്റ് ചെയ്തതെന്ന് ഗീതാ ജീവൻ ആരോപിച്ചു. റാണിപ്പേട്ടിൽ മുൻ മന്ത്രി ആർ. ഗാന്ധിയുടെ നേതൃത്വത്തിലും പൊള്ളാച്ചിയിലുമെല്ലാം വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. റാണിപ്പേട്ടിൽ പോലീസും ഡി.എം.കെ പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ തള്ളുമുട്ടുമുണ്ടായി.
തഞ്ചാവൂർ ഈസ്റ്റ് പോലീസാണ് ഉദയനിധിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ തമിഴ്‌നാട് വനിതാ പീഡന നിരോധന നിയമം, ഐ.ടി ആക്ട് എന്നിവയും ചുമത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്നും കേളമ്പാക്കം, വണ്ടല്ലൂർ വഴി പോലീസിന്റെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയിലും വഴിയോരങ്ങളിൽ പ്രവർത്തകർ ഉപരോധം സൃഷ്ടിച്ചു. അതേസമയം, താൻ അധിക്ഷേപകരമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ വെട്ടിമുറിച്ച് വ്യാജമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Story Summary
DMK cadres staged widespread protests across Tamil Nadu following the arrest of Opposition Leader Udhayanidhi Stalin over alleged remarks against Chief Minister Vijay and actor Trisha. DMK leaders including P Geetha Jeevan and R Gandhi were detained during road blockades, as Udhayanidhi claimed his statements were edited and vowed to contest legally.


