ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദിനംപ്രതി നടത്തുന്ന യുദ്ധഭീഷണികളും പ്രസ്താവനകളും ഇറാനിലെ സാധാരണ ജനങ്ങളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നില്ലെന്ന് റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന യുദ്ധസാഹചര്യങ്ങൾ ആറുമാസത്തോട് അടുക്കുമ്പോൾ, നിരന്തരമുള്ള വാർത്തകളിൽ നിന്നും ട്രംപിന്റെ മുന്നറിയിപ്പുകളിൽ നിന്നും അകന്നുനിന്ന് മാനസികാരോഗ്യം സംരക്ഷിക്കാനാണ് ഭൂരിഭാഗം ഇറാനികളും ശ്രമിക്കുന്നത്.(Iranians Ignore Trump War Threats Amid Economic Strain And Strait Of Hormuz Standoff)
ഏപ്രിൽ മാസത്തിൽ വലിയ ആക്രമണം ഉണ്ടാകുമെന്ന തരത്തിൽ ട്രംപ് നടത്തിയ മുന്നറിയിപ്പുകൾ ലോകമാകെ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ നിലവിൽ ട്രംപിന്റെ വാർത്തകൾ ‘സ്ഥിരം ആവർത്തനങ്ങൾ’ മാത്രമാണെന്നും അതിൽ കാര്യമില്ലെന്നുമാണ് ടെഹ്റാനിലെ സാമ്പത്തിക വിദഗ്ധരും സാങ്കേതിക പ്രവർത്തകരും അഭിപ്രായപ്പെടുന്നത്. ആഗോള വിപണിയെയും എണ്ണവിലയെയും സ്വാധീനിക്കാനാണ് ട്രംപ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും, അമേരിക്കയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരെ വലിയ തോതിലുള്ള കരയുദ്ധത്തിനോ ഇന്ധന ശൃംഖലകൾ തകർക്കുന്ന ആക്രമണത്തിനോ അദ്ദേഹം മുതിരില്ലെന്നും ടെഹ്റാനിലെ സാങ്കേതിക വിദഗ്ദ്ധനായ അലി വ്യക്തമാക്കുന്നു.
അതേസമയം, യു.എസിന്റെ ഉപരോധങ്ങളും ട്രംപിന്റെ പ്രസ്താവനകളും ഇറാനിയൻ റിയാലിന്റെ മൂല്യത്തെ കടുത്ത രീതിയിൽ ബാധിച്ചിട്ടുണ്ട്. ഡോളറിനെതിരെ 1.91 മില്യൺ എന്ന സർവ്വകാല താഴ്ചയിലാണ് റിയാൽ നിലവിലുള്ളത്. പണപ്പെരുപ്പം 90 ശതമാനത്തോളമായി ഉയർന്നത് ഇറാന്റെ സാമ്പത്തിക മേഖലയ്ക്ക് കടുത്ത തിരിച്ചടിയാണ്. ഡിപ്ലോമാറ്റിക് തലത്തിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തിൽ വിട്ടുവീഴ്ച ചെയ്യാനോ അമേരിക്കയ്ക്ക് പൂർണ്ണമായി വഴങ്ങാനോ ഇറാൻ ഭരണകൂടം തയ്യാറല്ല. തുടർച്ചയായ ഭീഷണികൾക്കിടയിലും പതറാതെ തങ്ങളുടെ ജോലിയും ജീവിതവും മുന്നോട്ട് കൊണ്ടുപോകാനാണ് ഇറാനിലെ സാധാരണക്കാർ മുൻഗണന നൽകുന്നത്.
Story Summary
Iranians in Tehran are increasingly ignoring US President Donald Trump’s daily war threats and diplomatic assertions as the conflict nears its six-month mark. Despite rising inflation and a plunging currency, citizens are focusing on daily life while both nations navigate complex negotiations over the Strait of Hormuz.


