ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ്, ആകശ എയർ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു (Delhi Airport Aircraft Collision). വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ വിമാനങ്ങൾക്ക് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും യാത്രക്കാരോ ജീവനക്കാരോ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ലേയിൽ നിന്നും ഡൽഹിയിലെത്തിയ സ്പൈസ് ജെറ്റ് വിമാനം പാർക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. ഈ സമയം ഹൈദരാബാദിലേക്ക് പോകാനായി പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ആകശ എയർ വിമാനത്തിൽ സ്പൈസ് ജെറ്റ് വിമാനം തട്ടുകയായിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തിന്റെ വലത് വിംഗ്ലറ്റും ആകശ എയർ വിമാനത്തിന്റെ ഇടത് വശത്തെ സ്റ്റെബിലൈസറും തമ്മിലാണ് കൂട്ടിയിടിച്ചത്.
തങ്ങളുടെ വിമാനം നിശ്ചലാവസ്ഥയിലായിരുന്നപ്പോഴാണ് മറ്റൊരു വിമാനം വന്നിടിച്ചതെന്ന് ആകശ എയർ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഹൈദരാബാദിലേക്ക് പോകേണ്ട യാത്രക്കാർക്കായി ഉടൻ തന്നെ ബദൽ വിമാനമൊരുക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A minor collision occurred between a SpiceJet and an Akasa Air aircraft at Delhi airport on Thursday. The incident took place when the SpiceJet flight from Leh was taxiing to the gate and hit a stationary Akasa Air plane, which was pushing back for Hyderabad. While the winglet of the SpiceJet plane and the stabilizer of the Akasa aircraft were damaged, no injuries were reported among passengers or crew. Akasa Air confirmed that all passengers were safely disembarked and alternative arrangements were being made for their travel.

