പാക്കിസ്ഥാനിൽ നിന്ന് കടത്താൻ ശ്രമിച്ച 25 കോടിയുടെ ഹെറോയിൻ പിടികൂടി
May 17, 2023, 19:27 IST

ജയ്പുർ: ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി മേഖലയിൽ 25 കോടി രൂപ മൂല്യമുള്ള ഹെറോയിൻ ബിഎസ്എഫ് പിടികൂടി. ശ്രീഗംഗാനഗർ ജില്ലയിലെ ഗർസാന മേഖലയിലാണ് ലഹരിമരുന്ന് പിടികൂടിയത്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടികൂടിയത്.
നേമിച്ചന്ദ് അതിർത്തി പോസ്റ്റിന് സമീപത്ത് വച്ചാണ് അഞ്ച് കിലോഗ്രാം ഭാരമുള്ള ലഹരിമരുന്ന് കടത്തിയ ഡ്രോൺ കണ്ടെത്തിയത്. അതിർത്തി മേഖലയിൽ ആൾപ്പെരുമാറ്റം കണ്ടതോടെ സേനാംഗങ്ങൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിനെത്തുടർന്ന് ലഹരിമരുന്ന് ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു.