കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി എസ്.ഐ.ആർ കരടു പട്ടിക പുറത്തിറങ്ങി. ഏകദേശം 58 ലക്ഷം പേരെയാണ് ഈ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.(SIR draft list excludes 58 lakh voters, Political storm in West Bengal)
'മരിച്ചു' എന്ന് രേഖപ്പെടുത്തിയത് 24 ലക്ഷം പേരും, 'താമസം മാറി' എന്ന് രേഖപ്പെടുത്തിയത് 19 ലക്ഷം പേരും, 'കാണാനില്ല' എന്ന് രേഖപ്പെടുത്തിയത് 12 ലക്ഷം പേരും, 'ഇരട്ടവോട്ടുകൾ' എന്ന് രേഖപ്പെടുത്തിയത് 1.3 ലക്ഷം പേരുമാണ്. എസ്.ഐ.ആർ. പ്രക്രിയയുടെ ആദ്യ ഘട്ടമാണ് കരടു പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ അവസാനിക്കുന്നത്.
അന്യായമായി പേര് ഒഴിവാക്കപ്പെട്ടവർക്ക് ഇതിനെതിരെ എതിർപ്പ് ഉന്നയിക്കാം. ഈ അപേക്ഷകളിൽ തീരുമാനമെടുത്ത ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയ്ക്ക് ശേഷമാകും പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.
മമത ബാനർജിയുടെ രൂക്ഷ വിമർശനം
കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളിൽ എസ്.ഐ.ആറിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ട്. എസ്.ഐ.ആർ. പ്രക്രിയയ്ക്ക് തുടക്കം മുതൽ എതിരാണ് മുഖ്യമന്ത്രി മമത ബാനർജി. "തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ എസ്.ഐ.ആറിലൂടെ വെട്ടിമാറ്റാൻ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണ്," മമത ആരോപിച്ചു. കൃഷ്ണനഗറിൽ നടന്ന റാലിയിൽ, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്താൽ തെരുവിലിറങ്ങാൻ മമത ജനങ്ങളോട് ആഹ്വാനം ചെയ്തു.