'വിബി ജി റാം ജി' ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു: സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം, നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് | VB G RAM G Bill

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
'വിബി ജി റാം ജി' ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു: സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം, നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് | VB G RAM G Bill
Updated on

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റുന്നതിനും ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള വിബി ജി റാം ജി ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബിൽ സഭയിൽ വെച്ചത്. 2005-ൽ യു.പി.എ. സർക്കാർ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ഇനി വികസിത ഭാരത് ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ എന്നായിരിക്കുമെന്നാണ് ബില്ലിലെ പ്രധാന നിർദ്ദേശം.(VB G RAM G Bill introduced in Lok Sabha, Opposition protests inside and outside the House)

വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം എന്നത് ഉൾപ്പെടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്ന നിർദ്ദേശങ്ങൾ ബില്ലിൽ ഉണ്ട്. ബിൽ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച കൃഷിമന്ത്രി, രാമരാജ്യം സ്ഥാപിക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നതെന്നും, ഗാന്ധിജിയും ഇത് തന്നെയാണ് ആഗ്രഹിച്ചതെന്നും പറഞ്ഞു.

ബിൽ അവതരണ സമയത്തും അതിനുശേഷവും സഭയ്ക്കകത്ത് ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് നടന്നത്. ഗാന്ധിജിയുടെ ചിത്രം ഉയർത്തിയായിരുന്നു കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചത്. പോസ്റ്റർ ഒഴിവാക്കണമെന്ന് സ്പീക്കർ നിലപാടെടുത്തു. ഗാന്ധിജിയുടെ പേര് പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നത് രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപിച്ചു. ബില്ല് തയ്യാറാക്കിയ രീതി ശരിയല്ലെന്നും, ഇത് സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത വരുത്തുമെന്നും, വലിയ വിഭാഗത്തിന് തൊഴിൽ നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതാണ് ബിൽ എന്ന് ശശി തരൂർ എം.പി. പ്രതികരിച്ചു. ഇത് പാവപ്പെട്ട സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയാകുമെന്നും അടിസ്ഥാനപരമായ ആശയങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബില്ല് ഭരണഘടനക്കെതിരായ നിയമമാണ്. പുതിയ ബില്ല് ഗ്യാരണ്ടി നൽകുന്നത് കടലാസിൽ മാത്രമാണ്, 125 ദിവസം തൊഴിൽ ദിനം ലഭിക്കില്ല. രാഷ്ട്രപിതാവിന്റെ പേര് വെട്ടിമാറ്റിയ മന്ത്രിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

തങ്ങൾ ഗാന്ധിജിക്ക് എതിരല്ലെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി. തൊഴിൽ ദിനങ്ങൾ കൂട്ടി നൽകിയെന്നും മന്ത്രി അവകാശപ്പെട്ടു. ഇതോടെ പ്രതിപക്ഷം ഗാന്ധിജിയുടെ ചിത്രങ്ങളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വലിയ ബഹളത്തിനിടെയാണ് മന്ത്രി ബില്ലവതരിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് 2 മണിവരെ ലോക്‌സഭ നിർത്തിവെച്ചു.

ലോക്‌സഭയ്ക്ക് പുറത്ത് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധം നടന്നു. ഗാന്ധി ചിത്രങ്ങളുമായാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ബില്ലിനെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിനും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com