പനാജി: ഗോവയിലെ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിലെ പ്രധാന പ്രതികളും ക്ലബ് ഉടമകളുമായ സഹോദരങ്ങൾ അറസ്റ്റിലായി. അപകടം നടന്നയുടൻ തായ്‌ലൻഡിലേക്ക് കടന്ന ഇവരെ അന്താരാഷ്ട്ര സഹായത്തോടെയാണ് പിടികൂടി ഇന്ത്യയിൽ എത്തിച്ചത്.(Goa nightclub fire, Goa Police arrest Luthra brothers who arrived in India)
തീപിടിത്തം ഉണ്ടായ ഉടൻ ഗോവയിൽ നിന്ന് തായ്‌ലൻഡിലേക്ക് കടന്ന ഉടമകളെ പിടികൂടാൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ത്യയിൽ നിന്നും തായ്‌ലൻഡിലേക്ക് പോയ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.
ഡിസംബർ 6 ന് അർദ്ധരാത്രി 11 മണിയോടെയാണ് സംഭവം. ഗോവയിലെ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബ്ബിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 25 പേർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് ക്ലബിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതിനെ തുടർന്ന് പ്രധാന ഉടമകളെക്കൂടാതെ നേരത്തെ ഉടമകളിലൊരാളെയും മാനേജരെയും മറ്റ് നാല് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.