വയനാട്: കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 30-ന് അർദ്ധരാത്രിയിൽ പ്രകൃതി തീർത്ത സംഹാരതാണ്ഡവം അട്ടമല, മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ ഗ്രാമങ്ങളെ ഭൂപടത്തിൽ നിന്നുതന്നെ തുടച്ചുനീക്കുകയായിരുന്നു. ഉള്ളുപൊള്ളിക്കുന്ന ആ ഭീകരരാത്രിയിൽ 298 നിരപരാധികളായ മനുഷ്യർക്കാണ് ജീവൻ നഷ്ടമായത്.(Wayanad Landslide, Two Years Of Mundakkai Chooralmala Landslide Disaster In Wayanad)
തോരാതെ പെയ്ത നനുത്ത മഴ സാധാരണ വേനൽമഴയാണെന്ന് കരുതി വീടുകളിൽ അന്തിയുറങ്ങിയ സാധു മനുഷ്യരുടെ മേലേക്കാണ് ദുരന്തം പാഞ്ഞടുത്തത്. ജൂലൈ 29 രാത്രി 11.45-ഓടെ പുഞ്ചിരിമട്ടത്തുണ്ടായ ആദ്യ മണ്ണിടിച്ചിൽ നിമിഷങ്ങൾക്കുള്ളിൽ സർവ്വനാശം വിതച്ച പ്രളയവും ഉരുൾപൊട്ടലുമായി മാറുകയായിരുന്നു. അർദ്ധരാത്രി 12-നും ഒന്നിനും ഇടയിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും വെള്ളവും കലർന്ന ഭീകര പ്രവാഹം ചൂരൽമല വരെയുള്ള 8 കിലോമീറ്റർ പ്രദേശത്തെ വിഴുങ്ങി.
ദുരന്തത്തിന്റെ വ്യാപ്തി മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു. പ്രകൃതി ആ രാക്ഷസ രാത്രിയിൽ ജീവനെടുക്കുക മാത്രമല്ല ചെയ്തത്, ഉറ്റവർക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂർണ്ണമായ ഒരു ഉടൽ പോലും പലർക്കും തിരികെ നൽകിയില്ല. ചാലിയാർ പുഴയിലൂടെ ഒഴുകിപ്പോയ 223 ശരീരഭാഗങ്ങളാണ് നിലമ്പൂർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ ഡി.എൻ.എ പരിശോധനയിലൂടെ 99 പേരെ മാത്രമാണ് തിരിച്ചറിയാനായത്. തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങൾ ഒരു അടയാളം മാത്രം ബാക്കിയാക്കി മണ്ണിൽ സംസ്‌കരിക്കപ്പെട്ടു.
ദുരന്തവിവരം പുലർച്ചെയോടെ പുറത്തറിഞ്ഞതോടെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനിറങ്ങി. പ്രതികൂല കാലാവസ്ഥയും തകർന്ന പാലങ്ങളും അതിജീവിച്ച് പുലർച്ചെ 3.10-ഓടെ സൈന്യവും, 4.55-ഓടെ എന്.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ് സംഘങ്ങളും അപകടമേഖലയിലെത്തി. തുടർന്ന് ദിവസങ്ങളോളം നീണ്ട തെരച്ചിലിൽ നൂറുകണക്കിന് ജീവനുകളാണ് രക്ഷപ്പെടുത്തിയത്. ദുരന്തത്തിൽ 390-ലേറെ പേർക്കാണ് പരിക്കേറ്റത്. 8600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നാശം വിതച്ച ഈ ദുരന്തം ഒരു ജനതയുടെ വീടും നാടും മേൽവിലാസവും പൂർണ്ണമായി കവർന്നെടുത്തു. ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് തോന്നിച്ച ഇടങ്ങളിൽ നിന്ന് ഇന്ന് വയനാടൻ ജനത പതുക്കെ അതിജീവനത്തിന്റെ പാതയിലേക്ക് ചുവടുവെക്കുകയാണ്. എങ്കിലും, പ്രിയപ്പെട്ടവരുടെ ഓർമ്മകളും നഷ്ടപ്പെട്ട ജീവിതങ്ങളും ആ മണ്ണിൽ എന്നും മായാത്ത മുറിവായി അവശേഷിക്കും.
Story Summary
Today marks the second anniversary of the devastating Mundakkai and Chooralmala landslides in Wayanad, Kerala, which claimed 298 lives on July 30, 2024. The sudden midnight catastrophe wiped out entire hamlets, leaving deep scars and triggering a massive search and rescue operation across the region and down the Chaliyar river.


