കൊല്ലം: പത്മഭൂഷൺ പുരസ്കാരവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരത്തെ ചോദ്യം ചെയ്ത് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ കത്താണ് അതിനുള്ള മറുപടിയെന്നും അദ്ദേഹം പറഞ്ഞു (Vellappally Natesan Padma Bhushan controversy). കൊല്ലത്ത് എസ്‌എൻ ട്രസ്റ്റിന്റെയും എസ്‌എൻഡിപി യോഗത്തിന് കീഴിലുള്ള പത്ത് യൂണിയനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പത്മഭൂഷൺ പുരസ്കാരം താൻ സ്വന്തം സമുദായത്തിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“എനിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സംശയമുള്ളവരുണ്ട്. അതിനെതിരെ കേസ് നൽകിയവരുമുണ്ട്. എന്തിനാണ് പുരസ്കാരം ലഭിച്ചതെന്ന് വ്യക്തമാക്കുന്ന അമിത് ഷായുടെ കത്ത് തന്നെയാണ് അവർക്കുള്ള മറുപടി,” എന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തങ്ങൾക്ക് പ്രത്യേക സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ നടത്താനുള്ള അനുമതി മാത്രമാണ് ലഭിച്ചതെന്നും അതും പൂർണമായി നടപ്പായില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
നിലവിലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിഷയങ്ങളെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, തനിക്കെതിരെ ഒരു മാധ്യമം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഒരു വിഭാഗം മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, സാമ്പത്തിക ഇടപാടുകളെ വ്യത്യസ്ത രീതിയിൽ വിലയിരുത്തുന്ന സമീപനത്തെയും ചോദ്യം ചെയ്തു. “ഞാൻ പണം വാങ്ങിയാൽ അത് കോഴയാകുന്നു. രാഷ്ട്രീയക്കാരൻ വാങ്ങിയാൽ സംഭാവനയാകുന്നു. ശാന്തിക്കാരൻ വാങ്ങിയാൽ ദക്ഷിണയും പൊലീസുകാരൻ വാങ്ങിയാൽ പടിയും ആകുന്നു,” എന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻ ട്രസ്റ്റിലും യൂണിയനുകളിലും മുൻപ് ഉണ്ടായിരുന്ന തർക്കങ്ങൾ താൻ നേതൃത്വം ഏറ്റെടുത്ത ശേഷം പരിഹരിച്ചുവെന്നും സംഘടനകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Summary: SNDP Yogam general secretary Vellappally Natesan responded to criticism over his Padma Bhushan award, saying Union Home Minister Amit Shah’s letter explains the reason behind the honour. He also criticised allegations against him and spoke about his relationship with previous governments in Kerala.


