തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് വി.ഡി. സതീശൻ എത്തുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, ഘടകകക്ഷികളുടെ ഉറച്ച പിന്തുണയും അണികളുടെ താല്പര്യവും കണക്കിലെടുത്ത് ഹൈക്കമാൻഡ് സതീശനെ തന്നെ നറുക്കിടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പട നയിച്ച് വിജയത്തിലെത്തിച്ച വി.ഡി. സതീശൻ ഇനി കേരളത്തെ നയിക്കും.(VD Satheesan Becomes Kerala CM Ending Leadership Uncertainty)
1996-ലെ കന്നിപ്പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും 2001 മുതൽ പറവൂർ മണ്ഡലം വി.ഡി. സതീശന്റെ കൈകളിൽ ഭദ്രമാണ്. തുടർച്ചയായി ആറ് തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ തിരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടായിരുന്നു സതീശന്റെ മുന്നേറ്റം. 2001ൽ പി. രാജുവിനെതിരെ 7,434 വോട്ടിന്റെ വിജയം, 2021ൽ എം.ടി. നിക്സണെതിരെ 21,301 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം എന്നിവ നേടിയ അദ്ദേഹം, 2026: ഇ.ടി. ടൈസൺ മാസ്റ്ററെ 20,600 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയഗാഥ തുടർന്നു.
കെഎസ് യു (KSU) കാലം മുതൽക്കേ രാഷ്ട്രീയത്തിൽ സജീവമായ സതീശൻ, എംജി സർവകലാശാല യൂണിയൻ ചെയർമാൻ, എൻഎസ്‌യുഐ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, എഐസിസി സെക്രട്ടറി തുടങ്ങിയ നിർണ്ണായക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിയമസഭയിൽ വിപ്പ് എന്ന നിലയിലും എസ്റ്റിമേറ്റ്സ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി എന്നിവയുടെ ചെയർമാൻ എന്ന നിലയിലും അദ്ദേഹം കാഴ്ചവെച്ച മികവ് ശ്രദ്ധേയമാണ്. 2021 മുതൽ 2026 വരെ പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിലേക്ക് അർഹനാക്കിയത്.
1964 മെയ് 31-ന് എറണാകുളം നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായാണ് ജനനം. നിയമബിരുദധാരിയായ അദ്ദേഹം വായനയും യാത്രയും ട്രക്കിങ്ങും ഇഷ്ടപ്പെടുന്നു. ലക്ഷ്മിപ്രിയയാണ് ഭാര്യ. ഉണ്ണിമായ ഏക മകളാണ്. മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തുന്ന അപൂർവ്വ നേട്ടത്തോടെ, കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകാനൊരുങ്ങുകയാണ് വി.ഡി. സതീശൻ.
Story Summary
V.D. Satheesan has been chosen as the new Chief Minister of Kerala by the Congress High Command, ending days of deliberation. A six-time MLA from Paravur and the former Leader of Opposition, Satheesan’s strategic leadership and support from UDF allies were key to his selection for the top post.

