വാഴക്കാട്: രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന 55,08,400 രൂപ വാഴക്കാട് പൊലീസ് പിടികൂടി. സംഭവത്തിൽ തിരുവാലി പാത്രിയൽ കൈതക്കോടൻ ഷഫീഖ് (44) പിടിയിലായി. ഇടവണ്ണപ്പാറയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത് (Vazhakkad Hawala Money Seizure). കൊടുവള്ളിയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്ത് വിതരണം ചെയ്യുന്നതിനായി പണം എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഷഫീഖ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. ഷഫീഖിന്റെ കൈവശമുണ്ടായിരുന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പണത്തിന്റെ ഉറവിടം, വിതരണം ചെയ്യാനിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ, സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷമാകും തുടർനടപടികളിലേക്ക് കടക്കുക.
Summary: Vazhakkad Police seized ₹55.08 lakh in unaccounted cash from a scooter at Edavannappara in Malappuram. A 44-year-old man from Thiruvali was arrested, and police have launched an investigation into the source and intended distribution of the money.


