ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭംധരിച്ച ഭാര്യയെ തീകൊളുത്തി കൊന്ന കേസ് വിചാരണ ആരംഭിച്ചു

തിരൂര്‍: ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരുന്ന ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്ന കേസില്‍ വിചാരണ തുടങ്ങി. ബി.പി അങ്ങാടി സ്വദേശി പാടഞ്ചേരി ദിവ്യയെ (26) നാലുമാസം ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവായ ഒറ്റപ്പാലം വരോട് സ്വദേശി ചേനക്കപറമ്പില് രതീഷ് (41) ആണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.

പരപ്പനങ്ങാടിയില്‍ ക്വാര്‍ട്ടേഴ്സില്‍ വാടകക്ക് താമസിച്ചുവരുന്നതിനിടെ 2013 ഫെബ്രുവരി 27 രാത്രിയായിരുന്നു സംഭവം നടന്നത്. ദേഹമാസകലം പൊള്ളലേറ്റ ദിവ്യ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് ദിവ്യ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി ഭര്‍ത്താവിനും അമ്മ രജനി, പിതാവ് നാരായണന് എന്നിവരുടെ പേരില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നാരായണന് പിന്നീട് മരിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ സി. വാസു ഹാജരായി.