തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ബിജെപി മുന്നണിയിലേക്ക് മാറിയത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത നീക്കമാണെന്ന് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. മുമ്പ് വടകരയിലും ബേപ്പൂരിലും പരീക്ഷിച്ച 'കോലീബി' സഖ്യത്തിന്റെ പുതിയ പതിപ്പാണ് തൃശൂർ ജില്ലയിൽ അരങ്ങേറുന്നതെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.(Congress-BJP undercurrent is active, CPM says Mattathur incident is a planned project)
ബിജെപിയിലേക്ക് പോയ അംഗങ്ങൾക്കെതിരെ കോൺഗ്രസ് എടുത്ത സസ്പെൻഷൻ നടപടി വെറും പ്രഹസനമാണ്. ജനങ്ങളുടെ പ്രതിഷേധം ഭയന്നുള്ള മുൻകൂർ ജാമ്യം മാത്രമാണിത്. പാറളം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങളുണ്ടായിരുന്നിട്ടും ഒരു വോട്ട് അസാധുവാക്കി ബിജെപിക്ക് ഭരണം ലഭിക്കാൻ കോൺഗ്രസ് വഴിയൊരുക്കി.
ചൊവ്വന്നൂരിൽ എസ്ഡിപിഐ വോട്ട് വാങ്ങി അധികാരം പിടിക്കാനും കോൺഗ്രസിന് മടിയുണ്ടായില്ലെന്ന് സിപിഎം കുറ്റപ്പെടുത്തി. കോൺഗ്രസ് വർഗീയ ഫാസിസ്റ്റ് ശക്തികളുമായി നടത്തുന്ന ഇത്തരം ഒത്തുതീർപ്പുകൾ അവരുടെ തന്നെ രാഷ്ട്രീയ അടിത്തറ തകർക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.