തിരുവനന്തപുരം: പാറശാല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തതിനെച്ചൊല്ലി സി.പി.എം - കോൺഗ്രസ് തർക്കം രൂക്ഷമാകുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.(VS Achuthanandan's picture changed, Protest in Parassala)
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ നവീകരിച്ച ഹാളിന് 'വി.എസ്. അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ' എന്ന് നാമകരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വി.എസിന്റെ ചിത്രം മാറ്റുകയും ഹാളിന്റെ പേര് ചുരണ്ടി മാറ്റുകയുമായിരുന്നു എന്ന് സി.പി.എം ആരോപിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രവർത്തകർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് പുതുതായി ചുമതലയേറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി പ്രതികരിച്ചത്. വിഷയം പരിശോധിക്കാമെന്നും അവർ വ്യക്തമാക്കി.