തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ ഭിന്നതയുമില്ലെന്ന് മുതിർന്ന നേതാവ് ടി.പി രാമകൃഷ്ണൻ. എം.എസ്.സി കമ്പനിക്ക് കരാർ നൽകുന്നതിലല്ല പാർട്ടിയുടെ വിയോജിപ്പെന്നും, മറിച്ച് ഇത്തരമൊരു നീക്കത്തിന് സർക്കാരിന്റെ മുൻകൂട്ടിയുള്ള അറിവും അനുമതിയും ആവശ്യമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(TP Ramakrishnan clarifies CPM stand on Vizhinjam port share transfer controversy)
സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണ് താൻ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖ പദ്ധതിക്ക് പാർട്ടി എതിരല്ലെന്നും എന്നാൽ കൈമാറ്റവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിലാണ് പ്രശ്നമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിലെ യഥാർത്ഥ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പാർട്ടി യോഗം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുതിർന്ന നേതാവ് ഇ.പി ജയരാജൻ നടത്തിയ പ്രതികരണം താൻ കണ്ടിട്ടില്ലെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടി.പി രാമകൃഷ്ണൻ നൽകിയ മറുപടി. വിഴിഞ്ഞം വിഷയത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുകയുന്നതിനിടെയാണ് വിശദീകരണവുമായി ടി.പി രംഗത്തെത്തിയത്.
Story Summary
Senior CPM leader TP Ramakrishnan clarified that there is no internal rift within the party regarding the Vizhinjam port share transfer. He stated that the party does not oppose the contract with MSC but emphasizes that the government’s prior knowledge and approval were essential, highlighting issues with specific terms rather than the project itself.

