Times Kerala

അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട് കോഴ്സുകൾക്കായി എഫ്ടിഐഐയുമായി കൈകോർത്ത് ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ്

 
 അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട് കോഴ്സുകൾക്കായി എഫ്ടിടിഐയുമായി കൈകോർത്ത് ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ്

തിരുവനന്തപുരം : പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (എഫ്ടിഐഐ) കൈകോർത്ത് ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അനിമേഷൻ, വിഷ്വൽ എഫക്ട് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. ടൂൺസിന്റെ വിദ്യാഭ്യാസ വിഭാഗമായ ‘വിസ്ഡവു’മായി ചേർന്നാണ് പുതിയ സഹകരണം. വിനോദ - മാധ്യമ വ്യവസായ രംഗവും അക്കാദമിക് തലവും തമ്മിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഇതിനായി നൈപുണ്യ അധിഷ്ഠിത കോഴ്സുകൾ വികസിപ്പിക്കും. 


എഡ്യൂക്കേഷൻ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ, ശശികുമാറിന്റെ സാന്നിധ്യത്തിൽ എഫ്ടിഐഐ രജിസ്ട്രാർ, സയ്ദ് റബിഹാഷ്മി, ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) സുബ്ബലക്ഷ്മി വെങ്കിടാദ്രി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. എഫ്ടിഐഐ പുതിയതായി ആരംഭിക്കാൻ പോകുന്ന “അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്” യുജി കോഴ്സിന് എല്ലാവിധ പിന്തുണയും ടൂൺസ് സ്റ്റുഡിയോസ് നൽകും. ടൂൺസ് സ്റ്റുഡിയോസ് ഒരു വ്യവസായ പങ്കാളിയെന്ന നിലയിൽ പാഠ്യപദ്ധതിയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും വിസ്ഡത്തിന്റെ ഭാഗമായ പ്രമുഖരെയും അക്കാദമിക് അംഗങ്ങളെയും ക്രമീകരിക്കുകയും വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അവസരമൊരുക്കുകയും ചെയ്യും. 


ഇതിന് പുറമെ, വിവിധ അനിമേഷൻ, വിഷ്വൽ എഫക്ട്സ് കോഴ്സുകൾ വികസിപ്പിക്കാനും എഫ്ടിഐഐ ക്യാംപസിൽ ഇൻകുബേഷൻ സെന്റർ സ്ഥാപിക്കാനും ടൂൺസും എഫ്ടിഐഐയും പദ്ധതിയിടുന്നു. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം ഐപി വികസിപ്പിക്കാനും ലോകമെമ്പാടുമുള്ള പ്രക്ഷേപകരിലേക്ക് എത്തിച്ചേരാനും സഹായിക്കും. ധാരണാപത്രം അനുസരിച്ച്, എഫ്‌ടിഐഐയുടെ സെന്റർ ഫോർ ഓപ്പൺ ലേണിംഗിന് (സിഎഫ്ഒഎൽ) കീഴിൽ അനിമേഷൻ, വിഷ്വൽ ഇഫക്‌ട്സ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിനായി എഫ്‌ടിഐഐയുമായി ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ് സഹകരിക്കും.


അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് കോഴ്സുകളിൽ ഈ രംഗത്തെ പ്രമുഖരെയും പ്രതിഭാശാലികളെയും എത്തിക്കാൻ സഹകരണത്തിലൂടെ സാധിക്കുമെന്ന് ടൂൺസ് മീഡിയ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഓഫീസർ പി ജയകുമാർ പറഞ്ഞു. “ഞങ്ങളുടെ വിദ്യാഭ്യാസ സേവന വിഭാഗമായ വിസ്ഡം, ഇന്ത്യയിലെ മുൻനിര അനിമേഷൻ പരിശീലന സ്ഥാപനങ്ങളിലൊന്നാണ്. ലോകത്തെ തന്നെ മുൻനിര ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു. 


വ്യവസായ രംഗവും അക്കാദമിക് തലവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ടൂൺസുമായുള്ള സഹകരണമെന്ന് എഫ്‌ടിഐഐ ഡയറക്ടർ പ്രൊഫ. സന്ദീപ് ഷഹാരെ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ അനിമേഷൻ, വിഎഫ്എക്സ് വിദ്യാർത്ഥികൾക്ക് സഹകരണം പ്രയോജനം ചെയ്യും. ക്രിയാത്മക വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുന്ന തരത്തിൽ ഇന്റേൺഷിപ്പുകൾ ഔപചാരികമാക്കുന്നതും സഹായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


1999 ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ കഴിഞ്ഞ 25 വർഷത്തോളമായി ടൂൺസിന് സമ്പന്നമായ പാരമ്പര്യമാണുള്ളത്. 2002 ലാണ് ടൂൺസ് അക്കാദമിക് സേവനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അനിമേഷൻ പരിശീലന രംഗത്ത് ഇന്ന് ദക്ഷിണ ഏഷ്യയിലെ തന്നെ മുൻനിര സ്ഥാപനമാണ് ടൂൺസ്. ഐപി വികസനം, അനിമേഷൻ നിർമാണം, വിതരണം എന്നിവയിൽ ആഗോള തലത്തിൽ തന്നെ മുൻനിരയിലുള്ള സ്ഥാപനമെന്ന നിലയിൽ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ഗുണനിലവാരം വർദ്ധിപ്പിക്കുകയും അനിമേഷനിൽ ആഗോള കരിയറിനായി വിദ്യാർത്ഥികളെ സജ്ജമാക്കാൻ സഹായിക്കുകയും ചെയ്യും.

Related Topics

Share this story