നെടുങ്കണ്ടം : ഉടുമ്പൻചോലക്കടുത്ത് ശാന്തരുവിയിൽ ഏലം സ്റ്റോർ കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് സേനാപതി അമ്പലപ്പടി നരുവള്ളിയിൽ വിഷ്ണുദാസിനെ വിജിലൻസ് സംഘം പിടികൂടി. ശാന്തരുവി ഭാഗത്തെ ഏലം സ്റ്റോറിന്റെ കൂടുതലായി നിർമ്മിച്ച ഭാഗത്തെ അപാകതകൾ പരിഹരിച്ച് നികുതി അടയ്ക്കാനുള്ള സൗകര്യം ചെയ്തുനൽകാൻ വിഷ്ണുദാസ് 50,000 രൂപ ആവശ്യപ്പെട്ടു. ശനിയാഴ്ച കെട്ടിടം പരിശോധിക്കാൻ എത്തുമ്പോൾ പണം നൽകണമെന്ന് വിഷ്ണുദാസ് നിർദ്ദേശിച്ചിരുന്നു. പരാതിക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് വിജിലൻസ് സംഘം സ്ഥലത്തെത്തി കെണിയൊരുക്കുകയായിരുന്നു.
കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടി. നിലവിൽ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ഓവർസിയറായ വിഷ്ണുദാസിന് ഉടുമ്പൻചോല, രാജാക്കാട് പഞ്ചായത്തുകളുടെ അധികച്ചുമതല കൂടി നൽകിയിരുന്നു. ഈ ചുമതല ഉപയോഗിച്ചാണ് ഇയാൾ അഴിമതിക്ക് മുതിർന്നത്.
വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സി.ഐമാരായ ഷിന്റോ പി. കുര്യൻ, ബിൻസ് ജോസഫ്, ജോബിൻ ആന്റണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പിടിയിലായ ഉദ്യോഗസ്ഥനെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇയാൾ മുൻപും സമാനമായ രീതിയിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും വിജിലൻസ് അന്വേഷിച്ചുവരികയാണ്.