തിരുവനന്തപുരം: ന്യൂനപക്ഷ സംരക്ഷണം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ലെന്നും , ഇടതുപക്ഷം എപ്പോഴും മതനിരപേക്ഷതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശ യാത്രയ്ക്ക് തലസ്ഥാനത്ത് നൽകിയ ഉജ്ജ്വല സ്വീകരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്.
വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. ന്യൂനപക്ഷങ്ങൾക്ക് അഭിമാനത്തോടെയും തലയുയർത്തിയും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ സമാധാനവും സഹവർത്തിത്വവും നിലനിർത്താൻ സമസ്ത വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമുദായത്തിന്റെ അവകാശങ്ങൾക്കായി പോരാടുമ്പോഴും മതനിരപേക്ഷത കൈവിടാത്ത സംഘടനയാണ് സമസ്ത. ന്യൂനപക്ഷങ്ങളെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്നവർ മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിൽക്കണം. ഗാന്ധിജിയെപ്പോലുള്ള മഹാത്മാക്കളെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്ന അസഹിഷ്ണുതയുടെ കാലത്ത് സമസ്തയുടെ നിലപാടുകൾക്ക് പ്രസക്തിയേറുന്നു- മുഖ്യമന്ത്രി പറഞ്ഞു.
സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന സന്ദേശ യാത്ര വലിയ ജനപങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.