

തിരുവനന്തപുരം: മണ്ണന്തലയിൽ ഓട്ടോ ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. കുടുംബവഴക്കിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തന്നെ ക്രൂരമായി മർദിച്ചെന്നാണ് പ്രദേശവാസിയായ ധസ്തക്കീറിന്റെ ആരോപണം. ധസ്തക്കീർ മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയെയും മക്കളെയും മർദിക്കുന്നുവെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പോലീസിനെ ആക്രമിക്കാൻ തുനിയുകയും അവിടെനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയതെന്നും അല്ലാതെ മർദിച്ചിട്ടില്ലെന്നും മണ്ണന്തല പോലീസ് വ്യക്തമാക്കുന്നു. എന്നാൽ പോലീസിന്റെ വാദങ്ങൾ തെറ്റാണെന്നും അകാരണമായാണ് തന്നെ മർദിച്ചതെന്നും ധസ്തക്കീർ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകാനാണ് ഇയാളുടെ തീരുമാനം. ആശുപത്രി വിട്ടാലുടൻ പരാതി നൽകുമെന്ന് ധസ്തക്കീറുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
മർദനമേറ്റ പരാതിയിൽ ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.