

പാലക്കാട്: ജോലി തേടിയെത്തിയ ഇതരസംസ്ഥാനക്കാരനായ യുവാവിനെ മോഷ്ടാവാണെന്ന് ആരോപിച്ച് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേരിട്ടുള്ള നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്തെത്തി പ്രാഥമിക വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു.
നിലവിൽ പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ആക്രമണത്തിൽ പങ്കെടുത്ത കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടി ഒരാഴ്ച മുമ്പാണ് രാംനാരായണൻ കേരളത്തിലെത്തിയത്. സ്ഥലം പരിചയമില്ലാത്തതിനാൽ വഴിതെറ്റി അട്ടപ്പള്ളം എന്ന സ്ഥലത്തെത്തിയ യുവാവിനെ നാട്ടുകാർ മോഷ്ടാവാണെന്ന് സംശയിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിൽ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുന്നതിനൊപ്പം, ആൾക്കൂട്ടാക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. പാവപ്പെട്ട ഒരു തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.