

കാസർഗോഡ്: വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കരിന്തളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന ലക്ഷ്മിയെ ശനിയാഴ്ച രാത്രിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മിയുടെ മരണം സ്വാഭാവികമല്ലെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ വൈദ്യുതി ബന്ധം ബോധപൂർവ്വം വിച്ഛേദിച്ച നിലയിലാണുള്ളത്. വീടിന്റെ പുറകുവശത്തെ വാതിൽ തുറന്നു കിടക്കുന്ന നിലയിലുമായിരുന്നു. ഇത് അക്രമി ഉള്ളിൽ കടന്നതോ അല്ലെങ്കിൽ കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടതോ ആകാമെന്ന് പോലീസ് കരുതുന്നു.
വീട്ടിൽ ലക്ഷ്മി തനിച്ചായിരുന്നു താമസം എന്നതിനാൽ കൃത്യമായ മരണസമയം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണം. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസറും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്.
വീടിനുള്ളിൽ നിന്ന് സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സംശയമുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.