

കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മീനടം ഗ്രാമപഞ്ചായത്ത് നിയുക്ത മെമ്പർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മീനടം പഞ്ചായത്തിന്റെ ചരിത്രത്തിനൊപ്പം 30 വർഷമായി സഞ്ചരിച്ച ജനപ്രിയ നേതാവിന്റെ വിയോഗം നാടിന് വലിയ നോവായി. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രസാദ് നാരായണനെ മരണം കവർന്നത്.
കഴിഞ്ഞ 30 വർഷമായി മീനടം പഞ്ചായത്ത് അംഗമായിരുന്നു അദ്ദേഹം. ഇതിനിടെ ആറ് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചു. ഇത്തവണ 137 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഒന്നാം വാർഡിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നാളെ (ഞായറാഴ്ച) സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഈ ദാരുണ സംഭവം.