ആഡംബര ജീവിതത്തിനായി ബൈക്കിൽ കറങ്ങി മാല മോഷണം, യുവതി അടക്കം മൂന്ന് പേർ പിടിയിൽ

ബൈക്കിൽ കറങ്ങി മാല മോഷണം, യുവതി അടക്കം മൂന്ന് പേർ പിടിയിൽ
 കായംകുളം: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നു മാല പൊട്ടിയ്‌ക്കുന്ന യുവതി അടക്കമുള്ള സംഘം പോലീസ് പിടിയിലായി. തഴവ കടത്തൂർ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ, ഏന്തിയാർ ചാനക്കുടിയിൽ ആതിര, പത്തിയൂർ കിക്ക് വെളുത്തറയിൽ അൻവർഷാ എന്നിവരാണ് പിടിലായത്. മേനാമ്പള്ളിയിൽ വെച്ച് പട്ടാപ്പകൽ പെരിങ്ങാല മേനാമ്പള്ളി സ്വദേശി ലളിതയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ച കേസിലാണ് പോലീസ് നടപടി. ഓഗസ്റ്റ് 26 ന് ഉച്ചക്കായിരുന്നു സംഭവം. അൻവർഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിരയാണ് മാല 60 കാരിയായ ലളിതയുടെ മാല പൊട്ടിച്ചത്. വഴി ചോദിക്കാനെന്ന വ്യാജേന ലളിതയുടെ സമീപം ബൈക്ക് നിർത്തിയ ശേഷമായിരുന്നു കവർച്ച. തുടർന്ന് കൃഷണപുരം മുക്കടക്ക് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മാല ഓച്ചിറയിലെ സ്വർണ്ണാഭരണശാലയിൽ വിറ്റതിന് ശേഷം ഒളിവിൽ പോയി. മൂന്നാർ, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം തിരുവല്ലയിൽ നിന്നും പ്രതികൾ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. പണം തീരുന്ന മുറക്ക് മോഷണം എന്നതാണ് രീതി. ഇതിലൂടെ ആഡംബര ജീവിതമായിരുന്നു ഇവരുടെ ലക്ഷ്യം.

Share this story