

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ പുതിയ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം ബിജെപിക്ക് ലഭിച്ച തുകയിൽ വൻ വർദ്ധനവ് ഉണ്ടായപ്പോൾ, സിപിഎം നൽകിയ കണക്കുകളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും നേതാക്കളുടെയും സംഭാവനകൾ വ്യക്തമാക്കുന്നു.(Report on donations received by political parties released)
നടപ്പ് സാമ്പത്തിക വർഷം ഡിസംബർ ആറ് വരെ സിപിഎമ്മിന് ലഭിച്ച സംഭാവന ഏകദേശം 16.95 കോടി രൂപയാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ പ്രമുഖ നേതാക്കളും സംഭാവന നൽകിയവരുടെ പട്ടികയിലുണ്ട്. ജോൺ ബ്രിട്ടാസ്, ശിവദാസൻ എന്നിവർ 12.10 ലക്ഷം രൂപ വീതം നൽകി. കെ. രാധാകൃഷ്ണൻ (7 ലക്ഷം), എളമരം കരീം (4.40 ലക്ഷം), ഹനൻ മൊല്ല (3.90 ലക്ഷം), എം.എ. ബേബി (2.09 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ബിജെപി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024-25 കാലയളവിൽ 6073 കോടി രൂപയാണ് പാർട്ടിയുടെ അക്കൗണ്ടിലെത്തിയത്. മുൻവർഷത്തെക്കാൾ (3967 കോടി) 53 ശതമാനത്തിന്റെ വർദ്ധനവാണിത്. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കപ്പെട്ടതോടെ വിവിധ ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് പണമൊഴുകിയത്. ആകെ ലഭിച്ച 3811 കോടി രൂപയിൽ 82 ശതമാനവും (3112 കോടി) ലഭിച്ചത് ബിജെപിക്കാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം 20,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന എല്ലാ സംഭാവനകളുടെയും വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ കമ്മീഷനെ അറിയിക്കണമെന്ന ചട്ടപ്രകാരമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.